കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ വീണ്ടും തീപിടിത്തമുണ്ടായതിന് കാരണം മീഥെയ്‌ന്റെ സാന്നിധ്യവും ചൂട് കൂടിയതുമാണെന്ന് എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തീപിടിച്ചപ്പോൾ രണ്ടുവീതം അഗ്നിശമന യൂണിറ്റും ഹിറ്റാച്ചികളും സ്ഥലത്തുണ്ടായിരുന്നുവെന്നും അവ തീ അണയ്ക്കാൻ തുടങ്ങിയിരുന്നുവെന്നും കലക്ടർ വ്യക്തമാക്കി. എന്നാൽ കാറ്റ് കൂടിയതോടെ തീ പടർന്നപ്പോൾ കൂടുതൽ അഗ്നിശമന യൂണിറ്റുകൾ എത്തിയെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ തീ അണയ്ച്ചിട്ടുണ്ടെന്നും പുക അണയ്ക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. റീജ്യണൽ ഫയർ ഓഫീസർ, ഡെപ്യൂട്ടി കലക്ടർ എന്നിവരടക്കമുള്ളവർ സ്ഥലത്തുണ്ടെന്നും അരമണിക്കൂറിനകം പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പ്രദേശത്ത് നാട്ടുകാർ വലിയ പ്രതിഷേധമാണ് നടത്തുന്നത്. ഇനിയൊരു തീപിടിത്തമുണ്ടായാൽ വേഗത്തിൽ അണയ്ക്കാൻ സജ്ജീകരണം ഒരുക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടാത്തതിനാലാണ് അവർ പ്രതിഷേധം ഉയർത്തിയത്. വീട്ടിലിരിക്കെ മണം അനുഭവപ്പെട്ടതോടെയാണ് പലരും സംഭവ സ്ഥലത്തെത്തിയത്. തീ കത്തിയാൽ അണയ്ക്കാൻ സംവിധാനം ഏർപ്പെടുത്താനാകുന്നതേയുള്ളൂവെന്നും എന്നാൽ തീ കത്തേണ്ടത് പലരുടേയും ആവശ്യമാണെന്നും ചിലർ പറഞ്ഞു. രണ്ട് മൂന്നു മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായതെന്നും ആദ്യ സമയത്ത് ഒരു അഗ്നി ശമന സേന യൂണിറ്റ് മാത്രമാണുണ്ടായതെന്നും പിന്നീടാണ് കൂടുതൽ യൂണിറ്റുകളെത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി. സ്ഥലത്ത് നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റവുമുണ്ടായി. കോർപറേഷൻ വാഹനം നാട്ടുകാർ തടഞ്ഞു. അതിനിടെ, ഉമാതോമസ് എംഎൽഎ സ്ഥലത്തെത്തി.