ചങ്ങനാശ്ശേരി : മുന്നോക്ക സംവരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്‌എസ് രംഗത്ത്. സംവരണത്തില്‍ അര്‍ഹരായ മുന്നോക്കസമുദായാംഗങ്ങള്‍ക്ക് ആനുകൂല്യം കിട്ടാത്ത തരത്തിലാണ് സര്‍ക്കാര്‍ ചട്ടം നടപ്പിലാക്കിയിരിക്കുന്നതെന്നാണ് എന്‍എസ്‌എസ്സിന്റെ വിമര്‍ശനം. ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍ ഹര്‍ജിക്കൊപ്പം മുന്നാക്കസമുദായപട്ടിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജി നല്‍കിയെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായാംഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം വേണ്ടവണ്ണം കിട്ടുന്നില്ലെന്ന് പറയാതെ വയ്യെന്ന് എന്‍എസ്‌എസ് പറയുന്നു. സര്‍ക്കാര്‍ ചട്ടം നടപ്പാക്കിയതില്‍ അപാകതകളുണ്ട്. അവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എന്‍എസ്‌എസ് നേരത്തേ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നതാണ്.
സര്‍ക്കാര്‍ നിയമിച്ച മുന്നോക്ക കമ്മീഷന്‍ മുന്നോക്കസമുദായാംഗങ്ങളുടെ പട്ടിക ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് 2019ല്‍ സമര്‍പ്പിക്കുകയും സര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്‌തെങ്കിലും മുന്നോക്കസമുദായ പട്ടിക ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെന്ന് എന്‍എസ്‌എസ് പരാതിപ്പെടുന്നു. സാമ്പത്തിക സംവരണത്തിന്റെ അര്‍ഹത നിശ്ചയിക്കുന്നത് നോണ്‍ ക്രീമി ലെയര്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായതിനാല്‍ മുന്നോക്കസമുദായപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് സംവരണം നേടാന്‍ കഴിയാത്ത അവസ്ഥയും ഇപ്പോഴുണ്ട്.
മുന്നോക്ക സമുദായപട്ടിക പ്രസിദ്ധീകരിച്ചാല്‍ മാത്രമേ, ഏതൊക്കെ സമുദായാംഗങ്ങള്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ട് എന്ന് നിശ്ചയിക്കാന്‍ കഴിയൂ. സമ്പത്തിക സംവരണം കിട്ടാന്‍ റവന്യൂ അധികാരികള്‍ നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് പലപ്പോഴും നല്‍കുന്നില്ല. അതും ഈ കാരണത്താലാണെന്ന് കരുതേണ്ടിയിരിക്കുന്നു. അതിനായി മുന്നോക്കസമുദായപട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഒരു ഉപഹര്‍ജിയും എന്‍എസ്‌എസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.