ശബരിമല : കാനനപാതയിലൂടെ ശബരിമലയിലേക്കു പോകുന്ന തീര്‍ഥാടകരുടെ എണ്ണം വര്‍ധിക്കുന്നു. ഇവരില്‍ ഏറെയും യുവാക്കള്‍ ആണെന്നുള്ളത് ഏറെ ശ്രദ്ധേയം. മുന്‍കാലങ്ങള്‍ മരകവിളക്കിനോടനുബന്ധിച്ചാണ് കൂടുതലായി അയ്യപ്പന്മാര്‍ കാനനപാതവഴി മലചവിട്ടാറ്. ഇക്കുറി 2751 പേര്‍ കോയിക്കക്കാവ് വഴി കടന്നുപോയത്. കോയിക്കക്കാവില്‍ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ നിന്നുള്ള കണക്ക് ആണിത്. ചെക്ക് പോസ്റ്റ് മുതല്‍ ആണ് കാനന പാത തുടങ്ങുന്നത്. ചെക്ക് പോസ്റ്റില്‍ തീര്‍ത്ഥാടകരുടെ എണ്ണം ശേഖരിക്കുന്നുണ്ട്. എരുമേലിയില്‍ നിന്ന് പേരൂര്‍തോട് വഴി – ഇരുമ്പൂന്നിക്കര- കോയിക്കക്കാവ് വഴിയാണ് ശബരിമല ദര്‍ശനത്തിനായി നടന്നുപോകുന്നത്. കോയിക്കക്കാവ് വരെ ജനവാസമേഖലയാണ്.
റോഡ് സൗകര്യങ്ങളും ഉണ്ട്. കോയിക്കക്കാവില്‍ നിന്നാണ് കാനനയാത്ര തുടങ്ങുന്നത്. കോയിക്കക്കാവ്- അരശുമുടിക്കോട്ട- കാളകെട്ടി- അഴുതക്കടവ് വരെ ഏഴു കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. കോയിക്കക്കാവ് മുതല്‍ കാളകെട്ടി, അഴുത വരെ നീളുന്ന വന യാത്രയില്‍ മമ്പാടി ഭാഗത്ത് ആരോഗ്യ വകുപ്പിന്റെ ഓക്‌സിജന്‍ പാര്‍ലര്‍ സേവനം ലഭിക്കും. വഴിയില്‍ ഇടയ്ക്ക് ചെറിയ കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആനകള്‍ ഇറങ്ങുന്ന വഴിത്താരകള്‍ ഈ പാതയില്‍ ഉണ്ട്. ആനകളുടെ ഉള്‍പ്പടെ വന്യ ജീവികളുടെ സാന്നിധ്യം അറിയുന്നതിനും തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കി യാത്ര നിയന്ത്രിക്കുന്നതിനും വനം വകുപ്പില്‍ നിന്നുള്ള സ്‌ക്വാഡ് പാതയില്‍ നിരീക്ഷണ പട്രോളിങ് ദിവസവും നടത്തുന്നുണ്ടെന്ന് റേഞ്ച് ഓഫിസര്‍ ഹരിലാല്‍ പറഞ്ഞു.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ ആണ് കോയിക്കക്കാവില്‍ തീര്‍ത്ഥാടകരെ കടത്തി വിടുക. രാത്രിയില്‍ കാനന പാതയില്‍ ആരെയും പ്രവേശിപ്പിക്കില്ല. ഇടത്താവളങ്ങളില്‍ വിശ്രമിച്ച ശേഷം യാത്ര തുടരണം. കുടിവെള്ളം, പ്രാഥമിക കൃത്യങ്ങള്‍ എന്നിവയ്ക്ക് കോയിക്കക്കാവ്, കാളകെട്ടി, അഴുത എന്നീ ഇടത്താവളങ്ങളില്‍ വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് സാധനങ്ങളുമായി വന പാതയില്‍ യാത്ര അനുവദിക്കില്ല. ഇവ വനം വകുപ്പിന്റെ കൗണ്ടറില്‍ നല്‍കണം. അഴുതക്കടവില്‍ ഉച്ചക്ക് രണ്ട് മുതല്‍ ആണ് യാത്ര അനുവദിച്ചിരിക്കുന്നത്. ഇവിടെ പാലം കടന്ന് കയറ്റം താണ്ടി കല്ലിടാംകുന്ന്- ഇഞ്ചിപ്പാറക്കോട്ട-മുക്കുഴി- വള്ളിത്തോട്- വെള്ളാരംചെറ്റ- പുതുശേരി-കരിയിലാംതോട്- കരിമല- ചെറിയാനവട്ടം- വലിയാനവട്ടം കഴിഞ്ഞാല്‍ പമ്പയില്‍ എത്തും. 18. 25 കിലോമീറ്റര്‍ ദൂരമുണ്ട്. അതേസമയം ഇടുക്കി ജില്ലയില്‍ സത്രം- പുല്ലുമേട് വഴി സന്നിധാനത്തേയ്ക്ക് എളുപ്പ മാര്‍ഗമുണ്ട്. ഇതുവഴി സഞ്ചരിക്കുന്ന നിരവധി തീര്‍ത്ഥാടകരുണ്ട്.