കോന്നി : ഒഴിവ് ദിനങ്ങൾ ആഘോഷിക്കാൻ ചിറ്റാർ മൺപിലാവ് പാലരുവി വെള്ളച്ചാട്ടത്തിൽ സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു. നിരവധി സഞ്ചാരികൾ ആണ് മൺപിലാവ് വെള്ളചാട്ടം കാണുവാൻ എത്തുന്നത്. ടൂറിസം ഭൂപടത്തിൽ ഇടം തേടാൻ തക്ക സൗന്ദര്യമാണ് മൺപിലാവ് പാലരുവി വെള്ളചാട്ടത്തിന് ഉള്ളത്. ചിറ്റാർ പഞ്ചായത്തിന്റെ തന്നെ മുഖഛായ മാറാവുന്ന വെള്ളച്ചാട്ടം 9–ാം വാർഡിലെ മൺപിലാവിലാണ് സ്ഥിതി ചെയ്യുന്നത്. മൺപിലാവ് ഉൾവനത്തിൽ നിന്ന് നുരഞ്ഞു പതഞ്ഞ് ഒഴുകിയെത്തുന്ന വെള്ളം ഏകദേശം 100 അടിയോളം ഉയരത്തിൽ നിന്ന് താഴേക്കു പതിച്ചാണ് ഒഴുകുന്നത്.
വെള്ളം വീഴുന്ന സ്ഥലത്തിനു ചുറ്റോടു ചുറ്റും ഏകദേശം 5 അടിയോളം താഴ്ച വരും. ഇവിടെ നിന്ന് സുരക്ഷിതമായി കുളിക്കാൻ കഴിയുന്നതിനാൽ ഒട്ടേറെ ആളുകളാണ് വെള്ളച്ചാട്ടം കാണാനും കുളിക്കാനുമായി എത്തുന്നത്. കുടുംബവുമായി ഒഴിവ് സമയങ്ങൾ ചിലവിടാൻ എത്തുന്നവർ ആണ് അധികവും. തണ്ണിത്തോട്–ചിറ്റാർ റോഡിൽ നീലിപിലാവ് തപാൽ ജംഗ്ഷനിൽ നിന്ന് 2 കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിനു സമീപം എത്താം. ചിറ്റാറിൽ നിന്ന് വയ്യാറ്റുപുഴ വഴിയാണ് വരുന്നതെങ്കിൽ 5 കിലോമീറ്റർ ചുറ്റണം. റോഡിൽ നിന്ന് സ്വകാര്യ സ്ഥലത്തു കൂടി ചുറ്റി വളഞ്ഞ് 400 മീറ്ററോളം നടന്ന് വേണം വെള്ളച്ചാട്ടത്തിന്റെ അടിവാരത്തിൽ എത്താൻ. ഏറെ വികസന സാധ്യതകൾ നിറഞ്ഞ് നിൽക്കുന്ന ഈ പ്രദേശത്ത് വിവിധ ടൂറിസം പദ്ധതികളെ പറ്റി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലോചനകൾ നടക്കുന്നുണ്ട്.