തിരുവന്തപുരം: ആശുപത്രികളിൽ താൽക്കാലിക നിയമനം വ്യാപകമായതോടെ പി.എസ്.സി റാങ്ക് ലിസ്റ്റിലുൾപ്പെട്ട നഴ്സുമാർ പെരുവഴിയിൽ. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളാണ് ജോലിക്കായി കാത്തിരിക്കുന്നത്. പ്രായപരിധി കടമ്പ മൂലം ഇനി പി.എസ്.സി പരീക്ഷ എഴുതാൻ കഴിയാത്ത നിരവധി പേർ റാങ്ക് പട്ടികയിലുണ്ട്. 2019 ഡിസംബർ 19നാണ് പി.എസ് സി പരീക്ഷ നsത്തിയത്. 2023 ജനുവരി 31ന് റാങ്ക് പട്ടികയും പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1830 പേരും സപ്ളിമെന്ററി ലിസ്റ്റിൽ 1757 പേരുമാണുള്ളത്. ലിസ്റ്റിൻ്റെ കാലാവധി 2026 ജനുവരി 31ന് അവസാനിക്കും. പ്രായപരിധി പ്രശ്നം നേരിടുന്ന നിരവധി പേർ പട്ടികയിലുണ്ട് അവരുടെ അവസാന പ്രതീക്ഷയാണ് ഈ റാങ്ക് ലിസ്റ്റ്.
വിവിധ ജില്ലകളിൽ നഴ്സിംഗ് ഓഫീസർമാരുടെ നിരവധിഒഴിവുകൾ നിലവിലുണ്ടായിട്ടും താൽക്കാലിക നിയമനം തകൃതിയായി നടക്കുകയാണ്. ലിസ്റ്റിൽ ഉൾപ്പെട്ട 313 ഉദ്യോഗാർത്ഥികൾക്ക് ഒരു മാസം മുൻപ് അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. താൽക്കാലിക നിയമനങ്ങൾ ക്കുപകരം പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ നടത്തുക , നീണ്ട അവധിയിൽ പോയവരുടെ ഒഴിവുകൾ റിപ്പോർട്ടു ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് റാങ്ക് ഹോൾഡേഴ്സ് ഉന്നയിക്കുന്നത്. റാങ്ക് ഹോൾഡേഴ്സിന് പിന്തുണയുമായി ഗവ: നഴ്സസ് യൂണിയനും രംഗത്തെത്തി.1961 ലെ സ്റ്റാഫ് പാറ്റേണാണ് ആശുപത്രികളിൽ. 100 രോഗികളുള്ള ഒരു വാർഡിൽ 3 നഴ്സുമാർ മാത്രമാണുള്ളതെന്ന് നഴ്സസ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.