തിരുവനന്തപുരം: കര്‍ണാടകത്തില്‍ നേഴ്‌സിംഗ് പഠനത്തിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ കെ. ബൈജൂനാഥ് ഉത്തരവ് നല്‍കിയത്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
ഏറ്റവുമധികം മലയാളി വിദ്യാര്‍ഥികള്‍ നേഴ്‌സിംഗ് പഠിക്കാന്‍ എത്തുന്നത് കര്‍ണാടകത്തിലെ കോളേജുകളിലാണ്. 1100 ഓളം നേഴ്‌സിംഗ് കോളജുകള്‍ ബംഗളുരുവിലുണ്ട്. ബംഗളുരുവിലെ നഴ്‌സിംഗ് കോളജുകളില്‍ വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ ഏജന്റുമാരുണ്ട്. കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്. ഒരു വര്‍ഷം 3 ലക്ഷത്തിലേറെ ഫീസ് നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച ഫീസ് 65000 രൂപ മാത്രമാണ്. കോളേജില്‍ നേരിട്ട് എത്തിയാല്‍ പ്രവേശനം ലഭിക്കില്ല. ഏജന്റുമാര്‍ വഴി പോകണം. കേരളത്തില്‍ നഴ്‌സിംഗ് സീറ്റുകളുടെ ദൗര്‍ലഭ്യമാണ് വിദ്യാര്‍ഥികളെ കര്‍ണാടകത്തിലെത്തിക്കുന്നത്. പതിനായിരക്കണക്കിന് കുട്ടികള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകുന്നുണ്ട്.