പത്തനംതിട്ട : പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത ആരോപിച്ച് കുടുംബം. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും കാല് വേദനിക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് വിളിച്ചെന്നും അമ്മ പറഞ്ഞു. സൗകര്യങ്ങളൊന്നുമില്ലത്ത ഒരു ആംബുലൻസിലാണ് മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും അമ്മ ആരോപിക്കുന്നു. അമ്മുവിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി ആശുപത്രിയിലെ ദൃക്സാക്ഷി സരിനും രംഗത്തുവന്നു. ഒന്നര മണിക്കൂറോളം ജനറൽ ആശുപത്രിയിൽ അമ്മുവിനെ കിടത്തി.
മെഡിക്കൽ കോളേജിലേക്ക് മാറ്റാനും ശ്രമിച്ചില്ല. കൂടെ വന്ന സൃഹുത്തുക്കളോട് ചോദിച്ചപ്പോൾ ആരും വ്യക്തമായി മറുപടി പറഞ്ഞില്ല. എന്താണ് ചികിത്സ കൊടുക്കാത്തത് എന്ന് സഹികെട്ട് താൻ ചോദിച്ചപ്പോൾ കോട്ടയത്തേക്ക് റഫർ ചെയ്തിരിക്കുകയാണെന്നായിരുന്നു മറുപടി എന്നും സരിൻ പറഞ്ഞു. അമ്മു കെട്ടിടത്തിൽ നിന്ന് വീണു എന്ന് വിദ്യാർത്ഥികൾ തന്നെ വിളിച്ചുപറഞ്ഞത് നാലരയ്ക്കാണെന്ന് ക്‌ളാസ് ടീച്ചർ സബിതാ ഖാനും പറഞ്ഞു. നിലവിൽ അമ്മുവിന്റെ മരണത്തിൽ അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകിയിട്ടുണ്ട്. ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ തിരുവനന്തപുരം സ്വദേശി അമ്മു എസ് സജീവ് (22) വെള്ളിയാഴ്ചയാണ് താഴേവെട്ടിപ്പുറത്തുള്ള സ്വകാര്യ വനിതാ ഹോസ്‌റ്റലിന്റെ മുകളിൽ നിന്ന് ചാടി മരിച്ചത്.