ഇറ്റലിയിലെ മിലാനിൽ നടന്നുകൊണ്ടിരിക്കുന്ന EICMA 2023 മോട്ടോർ ഷോയിൽ ഹോണ്ട മോട്ടോർസൈക്കിൾസ് യൂറോപ്പ് പുതിയ ബൈക്ക് പുറത്തിറക്കി. ഹോണ്ട NX500 (Honda NX500) എന്ന അഡ്വഞ്ചർ ടൂറിംഗ് മോട്ടോർസൈക്കിളാണ് കമ്പനി അവതരിപ്പിച്ചത്. ഹോണ്ട NX500 എന്നത് പുതിയൊരു മോട്ടോർസൈക്കിളല്ല, ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഹോണ്ട CB500X എന്ന ബൈക്കിന് പകരമായിട്ടാണ് ഈ ബൈക്ക് വരുന്നത്. പുതിയ പേരിന് പുറമെ പുതിയ ഡിസൈനും ഈ മോട്ടോർസൈക്കിളിന് ലഭിച്ചിട്ടുണ്ട്.
എഞ്ചിനിൽ മാറ്റങ്ങളില്ല
ഹോണ്ട NX500 മോട്ടോർസൈക്കിളിന് കരുത്തുള്ള എഞ്ചിനാണുള്ളത്. ഹോണ്ട CB500X ബൈക്കിലുള്ള അതേ 471.03 സിസി പാരലൽ ട്വിൻ ലിക്വിഡ് കൂൾഡ് എഞ്ചിനാണ്ഹോണ്ട NX500ൽ ഉള്ളത്. ഈ എഞ്ചിൻ 8,000 ആർപിഎമ്മിൽ പരമാവധി 47 എച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 43 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ട്രാൻസ്മിഷനാണ് എഞ്ചിനൊപ്പം നൽകിയിട്ടുള്ളത്. ഇത് ഇസിയു അപ്‌ഡേറ്റ് ആക്സിലറേഷൻ ഫീൽ മെച്ചപ്പെടുത്തുമെന്ന് ഹോണ്ട വ്യക്തമാക്കി. ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ ഇപ്പോൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
സസ്പെൻഷൻ
ഹോണ്ട NX500 മോട്ടോർസൈക്കിളിൽ 1.5 കിലോ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന പുതിയ വീലുകളാണ് നൽകിയിട്ടുള്ളത്. ഇത് മൊത്തത്തിൽ 3 കിലോ ഭാരം കുറയ്ക്കുന്നു. 41 എംഎം ഷോവ എസ്എഫ്എഫ്-ബിപി യുഎസ്ഡി ഫ്രണ്ട് ഫോർക്കുകളാണ് ബൈക്കിലുള്ളത്. ബൈക്കിന്റെ പിൻവശത്ത് മോണോഷോക്കാണ് കമ്പനി നൽകിയിട്ടുള്ളത്. പുതുക്കിയ സെറ്റിങ്സിൽ പുതിയ വീലുകൾ സെറ്റ് ചെയ്തിട്ടുണ്ട്. ഈ വീൽ സെറ്റുകളും സസ്പെൻഷൻ യൂണിറ്റും അഡ്വഞ്ചർ ബൈക്കിന്റെ ഓഫ് റോഡ് കഴിവുകൾ മെച്ചപ്പെടുത്തുന്നു.
ബ്രേക്ക് യൂണിറ്റ്
ഹോണ്ട NX500 മോട്ടോർസൈക്കിളിൽ ഡ്യൂവൽ പിസ്റ്റൺ കാലിപ്പറുകളുള്ള ഡ്യുവൽ ഡിസ്‌കുകളാണ് മുൻവശത്ത് നൽകിയിട്ടുള്ളത്. 296 എംഎം ആണ് ഈ മുൻവശത്തെ ഡിസ്ക്കിന്റെ അളവ്. ബൈക്കിന്റെ പിൻവശത്ത് ഒരൊറ്റ ഡിസ്‌ക് ബ്രേക്കാണ് നൽകിയിരിക്കുന്നത്. ബൈക്കിന്റെ മുൻവശത്ത് 19 ഇഞ്ച് വീലും പിന്നിൽ 17 ഇഞ്ച് വീലുമാണ് നൽകിയിരിക്കുന്നത്. 5 സ്പോക്ക് അലോയ് വീലുകളാണ് ഇവ. ഹോണ്ട CB500X ബൈക്കുമായി താരതമ്യം ചെയ്യുമ്പോൾ ഹോണ്ട NX500 ബൈക്കിൽ ബാർ അല്പം ഉയർത്തിയിട്ടുണ്ട്.
ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
ഹോണ്ട NX500 മോട്ടോർസൈക്കിളിൽ രാത്രിയിലെ കാഴ്ച മെച്ചപ്പെടുത്തുമെന്ന് കമ്പനി അവകാശപ്പെടുന്ന പുതിയ എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റാണ് നൽകിയിട്ടുള്ളത്. ബാക്ക്‌ലിറ്റ് 4 വേ ടോഗിൾ സ്വിച്ച് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിലുള്ളത്. എക്സ്എൽ 750 ട്രാൻസ്ലാപ്പ് മോഡലിൽ നിന്നും എടുത്തിട്ടുള്ള ഹോണ്ട റോഡ്സിങ്ക് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഒരു പുതിയ 5-ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണിത്. മികച്ച നിരവധി ഫീച്ചറുകളുമായിട്ടാണ് ഈ മോട്ടോർസൈക്കിൾ വരുന്നുണ്ട്.