തിരുവനന്തപുരം : നേമത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ തന്റെ പിന്‍ഗാമിയെന്ന് പറയില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍. പല മേഖലകളിലായി പ്രവര്‍ത്തിച്ച് നല്ല ജനസമ്മിതിയുള്ള നേതാവാണ് കുമ്മനം രാജശേഖരനെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
നേമത്ത് നിന്ന് സ്വയം മാറിയതാണ്. എന്റെ പിന്‍ഗാമിയാണ് കുമ്മനം എന്ന് പറയുന്നില്ല. ഞാനവിടെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇപ്രാവശ്യം ഞാന്‍ തീരുമാനിച്ചു മത്സരിക്കുന്നില്ല എന്ന്, അത്രയേയുള്ളൂ. പാര്‍ട്ടിയോടുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലൊന്നുമല്ല ഇത്തവണ മത്സരിക്കാത്തത്. എനിക്ക് പ്രായമായി, പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കണം. പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലെല്ലാം ഭാഗമാകും,” ഒ.രാജഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. “ഞാന്‍ പ്രതിപക്ഷത്ത് തന്നെയാണ്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു. നേരത്തെ തോല്‍ക്കുമെന്ന് ഉറപ്പായ അവസരത്തിലും മത്സരിക്കുമായിരുന്നു. ചിലപ്പോ കെട്ടിവെച്ച കാശ് പോലും കിട്ടാതിരുന്നിട്ടുണ്ട്. പാര്‍ട്ടിയുടെ പേരും ചിഹ്നവും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു അന്നത്തെ ലക്ഷ്യം. ചില മേഖലയിലെ ജനങ്ങള്‍ക്ക് പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. തനിക്ക് കിട്ടിയ അത്രയും വോട്ട് കുമ്മനത്തിന് കിട്ടുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി എല്ലാവര്‍ക്കും പ്രാതിനിധ്യം നല്‍കിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്. ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും പൊതുരംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് അവസരം നല്‍കണമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.