യുവാക്കള്‍ക്കിടയില്‍ ആശങ്കയായി മാറുകയാണ് കാന്‍സര്‍. ബിഎംജെ ഓങ്കോളജി ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ 1990-നും 2019-നും ഇടയില്‍ 14നും 49നും ഇടയില്‍ പ്രായമുള്ളവരില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം 80 ശതമാനം വര്‍ധിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. അമിതഭാരം നമ്മുടെ ആരോഗ്യത്തെ മോശമാക്കും. പ്രത്യേകിച്ച് യുവാക്കളെ ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിതവണ്ണം. ഉദാസീനമായ ജീവിതശൈലി ശരീരഭാരം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ബോഡി മാസ് ഇന്‍ഡക്‌സ് അനുസരിച്ച് 25.0 മുതല്‍ 29.9 വരെ ബിഎംഐ ഉള്ള ഒരു വ്യക്തിയെ അമിതഭാരമുള്ളവരായി കണക്കാക്കുന്നു. 30.0 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ബിഎംഐ ഉള്ള വ്യക്തിയെ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു.
സെന്റര്‍ ഓഫ് ഡിസീസ് കണ്‍ട്രോള്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, അമിതഭാരവും പൊണ്ണത്തടിയും ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ക്ക് കാരണമാകും. ഇത് നീണ്ടുനില്‍ക്കുന്ന വീക്കം, ഇന്‍സുലിന്‍ പ്രതിരോധം, ലൈംഗിക ഹോര്‍മോണുകളുടെ വ്യത്യാസം എന്നിവയിലേക്ക് നയിച്ചേക്കാം. ഒരു വ്യക്തിയുടെ ഭാരം കൂടുന്നതിനനുസരിച്ച് കാന്‍സറിനുള്ള സാധ്യതയും വര്‍ധിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആര്‍ത്തവചക്രത്തിലെ സ്ഥിരമായ മാറ്റവും അസാധാരണമായ മലബന്ധവും ഗര്‍ഭാശയ കാന്‍സറിന്റെ ലക്ഷണമാകാം. രണ്ടോ മൂന്നോ ആഴ്ചയില്‍ കൂടുതല്‍ വയറു വീര്‍ക്കുന്ന അനുഭവങ്ങള്‍ അണ്ഡാശയ കാന്‍സറിന്റെ ലക്ഷണമാകാം. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന കഠിനമായ തലവേദന ബ്രെയിന്‍ ട്യൂമറിന്റെ വളര്‍ച്ചയാകാം. മാംസപിണ്ഡം രൂപപ്പെടുന്ന സാഹചര്യത്തില്‍ പതിവ് പരിശോധനകള്‍ പ്രധാനമാണ്. തൊലി കട്ടിയാകുന്നതും ചര്‍മ്മത്തിന് കീഴിലുള്ള കട്ടിയുള്ള മുഴകളും അവഗണിക്കരുത്. മലത്തിന്റെ നിറവ്യത്യാസം, മൂത്രത്തില്‍ രക്തം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ എന്നിവ കാന്‍സറിന്റെ ലക്ഷണങ്ങളാണ്. രണ്ടാഴ്ചയിലേറെ വിട്ടുമാറാത്ത ചുമയുണ്ടെങ്കില്‍ ഉടനെ പരിശോധിക്കണം. ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണമാകാം.