കൊല്ലം: പത്തനാപുരത്ത് ആശുപത്രിയില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കെ ചാടിപ്പോയ തമിഴ്നാട് സ്വദേശിയെ കനാലില്‍ നീന്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടികൂടി. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുനല്‍വേലി സ്വദേശി തങ്കമാണ് കടന്നുകളഞ്ഞത്. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കനാലില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. ടൗണിലെ ജനതാ ജംക്‌ഷന്‍ എംവിഎം ആശുപത്രിയിലെ ഐസലേഷനില്‍ കഴിഞ്ഞ തങ്കം ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു ബൈക്കുമെടുത്ത് കടക്കുകയായിരുന്നു. വാഴപ്പാറയിലെ നീര്‍പ്പാലത്തിനു സമീപത്ത് ബൈക്ക് ഉപേക്ഷിച്ചു കാട്ടിലേക്കു മറഞ്ഞു. പോലീസും നാട്ടുകാരും കാട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. കെഐപി പ്രധാന കനാലിലൂടെ ഒരാള്‍ നീന്തുന്നതു ശ്രദ്ധയില്‍പെട്ട നാട്ടുകാരന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
പത്തനംതിട്ട കലഞ്ഞൂര്‍ പാലമലയിലെ ഭാര്യവീട്ടിലെത്തി രക്ഷപെടാനായിരുന്നു ശ്രമം. പനി ബാധിച്ചിരുന്നതിനാല്‍ ആളുകള്‍ക്ക് ഇയാളെ പിടികൂടാന്‍ ഭയമായിരുന്നു. പിന്നീട് 108 ആംബുലന്‍സ് വരുത്തി പാടുപെട്ടാണ് വീണ്ടും ഐസലേഷന്‍ സെന്ററിലെത്തിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമാണു തങ്കം കേരളത്തിലെത്തിയത്. താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച്ച പനി ബാധിച്ച് എത്തിയ ഇദ്ദേഹത്തെ ഐസൊലേഷന്‍ സെന്ററിലേക്ക് മാറ്റി. തമിഴ്നാട്ടില്‍ നിന്നു ബൈക്കിലാണ് കേരളത്തിലേക്ക് എത്തിയതെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് ഐസൊലേഷനിലാക്കിയത്.