മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ പ്രവൃത്തി തുടങ്ങുന്നതിനുള്ള തടസ്സം നീങ്ങി. തിരുവനന്തപുരം ഹെതർ കൺസ്ട്രക്‌ഷൻ, പെരുമ്പാവൂർ ലീ ബിൽഡേഴ്‌സ്, കൊച്ചി കൂൾഹോം ബിൽഡേഴ്‌സ്, വടകര ഊരാളുങ്കൽ സൊസൈറ്റി എന്നിവയാണ് 2023 ജൂലായ് 21-ന് നടത്തിയ കൂടിക്കാഴ്ചകളിൽ പങ്കെടുത്തിരുന്നത്. ഓഗസ്റ്റിൽ നടന്ന ടെൻഡറിൽ കൊച്ചിയിലെ കമ്പനി കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരുന്നെങ്കിലും സഹകരണസ്ഥാപനമെന്ന നിലയിൽ ഊരാളുങ്കലിനാണ് കരാർ വെയ്ക്കാൻ അനുമതിലഭിച്ചത്. ഇതിനെതിരേ കൊച്ചി കമ്പനി കോടതിയെ സമീപിച്ചു. ഇതിനിടെ ഒന്നരവർഷം കഴിഞ്ഞു. ഇപ്പോൾ ഊരാളുങ്കലിന് അനുകൂലമായ വിധിവന്നതിനാൽ ഉടനെ കരാർവച്ച് പണി ആരംഭിക്കാൻ കഴിയുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിൽ അറിയിച്ചു.
ജോസഫ് എം. പുതുശ്ശേരി എംഎൽഎ. ആയിരുന്നപ്പോൾ നിർമിച്ച മന്ദിരം സ്ത്രീകളുടെ വിഭാഗമായി മാറ്റും. പ്രസവവാർഡും ഇവിടെ പ്രവർത്തിക്കും. മൂന്നാമതൊരു കെട്ടിടം മോർച്ചറിയാക്കും. ഒന്നരലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന സംഭരണി മണ്ണിനടിയിൽ തീർക്കും. കോട്ടയം-കോഴഞ്ചേരി റോഡിൽനിന്ന് കയറിവരുന്നയിടത്തെ തറനിരപ്പിലുള്ള നിലയിൽ അത്യാഹിതവിഭാഗമാണ്. എക്‌സ്‌റേ, ഇസിജി എന്നിവയും ചെറിയ ശസ്ത്രക്രിയകൾ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. അഞ്ച് കിടക്കകളുള്ള നിരീക്ഷണവാർഡും ഉണ്ട്. ഡോക്ടർമാരുടെ പരിശോധനാമുറികളും ഇവിടെയാണ്. ഇതിന് മുകളിലുള്ള ഒന്നാംനിലയിൽ ഔട്ട് പേഷ്യന്റ് വിഭാഗവും മരുന്നുവിതരണ കേന്ദ്രവും പ്രവർത്തിക്കും. രണ്ടാംനിലയിൽ തീവ്രപരിചരണവിഭാഗം, ലാബുകൾ, മെഡിക്കൽ സൂപ്രണ്ടിന്റെ മുറി എന്നിവയാണുള്ളത്. ഇവിടെനിന്ന് നിലവിലുള്ള ഇരുനിലകെട്ടിടത്തിന്റെ മുന്നിലെ മുറ്റത്തേക്ക് കയറാൻ പടിയുണ്ടാകും. മൂന്നാം നിലയിൽ മൂന്ന് ശസ്ത്രക്രിയാമുറികളുണ്ടാകും. വനിതാ വാർഡാക്കുന്ന പഴയ കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്ന് രോഗികളെ ഇവിടേക്ക് കൊണ്ടുവരാൻ പാലവും തീർക്കും. നാലാം നിലയിൽ ഡയാലിസിസ് ഹാളാണ്. ശസ്ത്രക്രിയയ്ക്കുശേഷം രോഗികളെ പ്രവേശിപ്പിക്കുന്ന തീവ്രപരിചരണവിഭാഗവും പ്രവർത്തിക്കും. അഞ്ചാംനിലയിൽ പുരുഷന്മാരുടെ വാർഡാണ്. 32 കിടക്കകൾ ഉണ്ടാകും. പുറമേ പേവാർഡും പ്രവർത്തിക്കും.