പത്തനംതിട്ട : ശബരിമല വിമാനത്താവളം മുതല്‍ പരിസ്ഥിതി സൗഹൃദമായ പത്തനംതിട്ട വരെ ചര്‍ച്ച ചെയ്ത് പത്തനംതിട്ട ജില്ലയിലെ നവകേരളസദസ്സ് പ്രഭാതയോഗം. നവകേരള സദസ്സിന്റെ ഭാഗമായി പത്തനംതിട്ട സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഭാതസദസിലാണ് പത്തനംതിട്ട ജില്ലയുടെ വികസനത്തെക്കുറിച്ചും നവകേരളത്തിന്റെ മുന്നേറ്റത്തെക്കുറിച്ചുമുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും മുന്നില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ഉന്നയിച്ചത്. ജില്ലയിലെ ആറന്മുള, തിരുവല്ല, റാന്നി, കോന്നി, അടൂര്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട ഇരുന്നൂറിലേറെപ്പേരാണ് പ്രഭാതയോഗത്തിന്റെ ഭാഗമായത്.
ആറന്മുള എംഎല്‍എയും ആരോഗ്യ-വനിതാശിശു വികസന മന്ത്രിയുമായ വീണാ ജോര്‍ജ്, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണന്‍, അഡ്വ. കെ.യു ജനീഷ് കുമാര്‍, മുന്‍മന്ത്രിയും എംഎല്‍എയുമായ ടി.എം. തോമസ് ഐസക്, ജില്ലാ കളക്ടര്‍ എ. ഷിബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പ്രശസ്ത സാഹിത്യകാരനായ ബെന്യാമിന്‍, ക്നാനായ സഭ മെത്രാപ്പോലീത്ത കുറിയാക്കോസ് മാര്‍ ത്രെവാനിയോസ്, വേള്‍ഡ് മിഷനറി ഇവാഞ്ചലിസം ഇന്റര്‍നാഷണല്‍ ചെയര്‍മാനും ഇന്റര്‍ പെന്തക്കോസ്തല്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഒ.എം. രാജുകുട്ടി, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് സെക്രട്ടറി പി.എസ് നായര്‍, മുസ്ലിം ജമാഅത്ത് പത്തനംതിട്ട ചീഫ് ഇമാം അബ്ദുല്‍ ഷുക്കൂര്‍ അല്‍ഖാസ്നി, ഓര്‍ത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍, അയ്യപ്പ സേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി ടി.പി ഹരിദാസന്‍ നായര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ഡി. അനില്‍കുമാര്‍, യാക്കോബായ സഭ പ്രതിനിധി റവ.ഫാദര്‍ എബി സ്റ്റീഫന്‍, സ്പെഷ്യല്‍ ടീച്ചര്‍ സംഘടന അവാര്‍ഡ് ജേതാവ് പ്രിയ പി. നായര്‍, സാമൂഹ്യ പ്രവര്‍ത്തക ഡോ. എം എസ് സുനില്‍, കാര്‍ട്ടൂണിസ്റ്റ് ജിതേഷ്, പൗള്‍ട്രി ബിസിനസ് സംരംഭകനായ പി വി ജയന്‍, ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രതിനിധി ജിജി വര്‍ഗീസ്, കാതലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ സിന്ധു ജോണ്‍സ്, ഐപിസി ജനറല്‍ കൗണ്‍സില്‍ പ്രതിനിധിയും പ്രവാസി കമ്മിഷന്‍ അംഗവുമായ പീറ്റര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധി സി വി മാത്യു, കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മന്ദിരം രവീന്ദ്രന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധതുറകളില്‍പ്പെട്ടവര്‍ പങ്കെടുത്തു.