ചിറ്റാർ : പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ സംഘടിത നീക്കം നടത്തുന്നെന്നാരോപിച്ച് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിനുള്ളിൽ വാഴനാട്ടി മെമ്പറുടെ പ്രതിഷേധം. വയ്യാറ്റുപുഴ വാർഡ് മെമ്പർ ജിതേഷ് ഗോപാലകൃഷ്ണനാണ് വെള്ളിയാഴ്ച ഉച്ചയോടെ പഞ്ചായത്ത് ഓഫീസിനുള്ളിൽ പ്രതിഷേധിച്ചത്. മരാമത്ത് ജോലികൾ നിർത്താൻ നിർദേശം നൽകി ഉദ്യോഗസ്ഥർ കൂട്ടത്തോടെ സ്ഥലം വിട്ടതിനാൽ വികസന പ്രവർത്തനങ്ങളാകെ സ്തംഭിച്ചിരിക്കുകയാണെന്ന് ജിതേഷ് ആരോപിച്ചു. നിർമാണം തുടങ്ങി ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും വയ്യാറ്റുപുഴയിലെ സാംസ്കാരിക നിലയത്തിന്റെ പണി നിലച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ആറുകിലോമീറ്ററോളം ദൂരം മൺകുട്ട ചുമന്ന് ജിതേഷ് പ്രതിഷേധിച്ചിരുന്നു. മൺകുട്ടയുമായി പഞ്ചായത്ത് ഓഫീസിലെത്തിയ മെമ്പർ പ്രശ്നപരിഹാരമുണ്ടാകുംവരെ പഞ്ചായത്ത് ഓഫീസിനുള്ളിൽ കിടന്ന് പ്രതിഷേധിക്കുമെന്നും അറിയിച്ചു. വൈകുന്നേരം ഓഫീസ് അടയ്ക്കാൻ സമയം കഴിഞ്ഞിട്ടും പ്രശ്നപരിഹാരം ഉണ്ടായില്ല. പോലീസ് ഉൾപ്പെടെ ഏറെ നേരം നടത്തിയ അനുനയചർച്ചകൾക്കൊടുവിലാണ് സമരം അവസാനിപ്പിച്ചിരുന്നത്. ഇതേപ്രശ്നത്തിന് കൂടി പരിഹാരം തേടി വെള്ളിയാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിലും ജിതേഷ് പ്രതിഷേധം ഉയർത്തിയിരുന്നു.
തോന്നുംപടി അവധിയെടുത്തും അല്ലാതെയുമൊക്കെ പോകുന്ന ഉദ്യോഗസ്ഥർ പഞ്ചായത്തിലെ വികസനം അപ്പാടെ അട്ടിമറിക്കുകയാണെന്ന് ഭരണപക്ഷ അംഗങ്ങളും പറയുന്നു. ഏറെനാളായി പഞ്ചായത്തിലെ പ്രധാന തസ്തികകളിലൊന്നും സ്ഥിരമായി ഉദ്യോഗസ്ഥരില്ല. മറ്റ് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർക്ക് അധികച്ചുമതല നൽകിയാണ് പലപ്പോഴും കാര്യങ്ങൾ നടത്തുന്നത്. ഇതാവട്ടെ വലിയ പ്രതിസന്ധിക്കിടയാക്കുന്നു. നാല് വർഷത്തിനിടെ ഏഴ് പഞ്ചായത്ത് സെക്രട്ടറിമാരാണ് പഞ്ചായത്തിൽ വന്നുപോയത്. മറ്റ് ജീവനക്കാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. പദ്ധതി കാലാവാധി അവസാനിക്കാൻ ഒരുമാസം മാത്രം ബാക്കി നിൽക്കുമ്പോഴും അനുവദിച്ച പദ്ധതികൾപോലും തുടങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. 45 വികസന പദ്ധതികൾ ഇപ്പോൾ സ്തംഭിച്ചിരിക്കുകയാണ്. ഓരോ വർഷവും പദ്ധതി വിഹിതമായി അനുവദിക്കുന്ന കോടിക്കണക്കിന് രൂപ പഞ്ചായത്തിന് നഷ്ടപ്പെടുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരുടെ അഭാവമാണിതിന് പ്രധാന കാരണമായിരിക്കുന്നത്. പരിഹാരമുണ്ടായില്ലെങ്കിൽ പ്രതിഷേധസമരം കൂടുതൽ ശക്തമാക്കുമെന്ന നിലപാടിലാണ് ജിതേഷ് ഗോപാലകൃഷ്ണൻ.