വാഷിങ്ടൺ: ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ ആഗോളവിപണിയിൽ എണ്ണവില കുതിക്കുന്നു. അഞ്ച് മാസത്തെ ഉയർന്ന നിരക്കിലേക്ക് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഉയർന്നു. ബ്രെന്റ് ക്രൂഡോയിൽ വില 0.5 ശതമാനം ഉയർന്ന് 76.70 ഡോളറിലെത്തി.കഴിഞ്ഞ സെഷനിൽ 4.4 ശതമാനം ഉയർന്നിരുന്നു. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡോയിലിന്റെ 0.64 ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസം 4.3 ശതമാനം ഉയർച്ചയാണ് ഡബ്യു.ടി.ഐ ക്രൂഡോയിലിനുണ്ടായത്. ഇറാൻ ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ലോകവിപണിയിൽ എത്തുന്ന എണ്ണയുടെ അളവിൽ 0.5 മുതൽ ഒരു മില്യൺ ബാരലിന്റെ വരെ കുറവുണ്ടാവും. എങ്കിലും ബ്രെന്റ് ക്രൂഡോയിൽ വില തൽക്കാലത്തേക്ക് വൻതോതിൽ ഉയരില്ലെന്നാണ് പ്രവചനം. 75 മുതൽ 80 ഡോളർ വരെ തുടരുമെന്നാണമ് പ്രവചനം.
ഇറാൻ എണ്ണയുടെ വരവ് കുറഞ്ഞാലും ഇത് മൂലമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനുള്ള എണ്ണശേഖരം സൗദി അറേബ്യ പോലുള്ള അറബ് രാജ്യങ്ങളുടെ കൈവശമുണ്ടെന്നാണ് വിലയിരുത്തൽ. ഇസ്രായേൽ കേന്ദ്രങ്ങൾ ആക്രമിച്ച് യു.എസിന് മറുപടി നൽകിയെക്ക് അവകാശപ്പെട്ട് ഇറാൻ ഇന്ന് രംഗത്തെത്തിയിരുന്നു. ഇസ്‍ലാമിക് റവല്യൂഷണൻ ഗാർഡ് കോർപ്സാണ് ഇസ്രായേൽ ആക്രമണം സംബന്ധിച്ച് പ്രതികരണം നടത്തിയത്. ഫത്താഹ് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇറാൻ അറിയിച്ചു. ഇസ്രായേലിന്റെ ആകാശത്തിനുമേൽ നിയന്ത്രണം ലഭിച്ചുവെന്നും ഇറാൻ അവകാശപ്പെട്ടു. ബുധനാഴ്ച പുലർച്ചെ അയൺഡോമിനേയും പരാജയപ്പെടുത്തി മിസൈലുകൾ ഇസ്രായേൽ ലക്ഷ്യങ്ങളിൽ പതിച്ചുവെന്നും ഇറാൻ വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് ആശങ്കാകുലരായി നീങ്ങുന്ന ഇസ്രായേൽ പൗരൻമാരുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ഇറാൻ വ്യക്തമാക്കി.