കൊല്ലം: ഓജോ ബോര്‍ഡ് കളിക്കുന്നതിനിടെ കൂട്ടുകാരിക്ക് ബാധ കയറിയെന്നും മരിച്ചെന്നും ഭയന്ന 12 വയസ്സുകാരി വീട് വിട്ടിറങ്ങിയത് പരിഭ്രാന്തി പരത്തി. ഒടുവില്‍ നാല് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം നടന്നത്.
കൂട്ടുകാരിക്കൊപ്പമാണ് 12 വയസ്സുകാരി ഓജോ ബോര്‍ഡ് വരച്ചുകളിച്ചത്. ഇതിനിടെ ആത്മാവ് വന്നെന്നും ആത്മാവ് കൂട്ടുകാരിയുടെ ശരീരത്തില്‍ കയറിയെന്നും പെണ്‍കുട്ടി ഭയന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുടെ ചില പെരുമാറ്റങ്ങള്‍ കൂടിയായപ്പോള്‍ ഭയം കൂടി. കൂട്ടുകാരിയില്‍നിന്ന് ആത്മാവ് വേര്‍പെടാന്‍ അടിക്കുകയും ചെയ്തു. എന്നാല്‍ അടികൊണ്ട കൂട്ടുകാരി ബോധരഹിതയായി കിടന്നതോടെ കാര്യങ്ങള്‍ മാറിമറഞ്ഞു. കൂട്ടുകാരി മരിച്ചെന്ന് കരുതി പേടിച്ചുവിറച്ച 12 വയസ്സുകാരി വീട് വിട്ടിറങ്ങുകയും ചെയ്തു.
പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നാടാകെ തിരച്ചില്‍ തുടങ്ങി. ഇതിനിടെ ചേരിക്കോണം ഭാഗത്തെത്തിയ പെണ്‍കുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കണ്ണനല്ലൂര്‍ പോലീസാണ് പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിച്ചത്.