മുംബൈ: സ്ഥലത്തിനായി നെട്ടോട്ടമോടുന്ന മുംബൈയിലെ തെരുവുകള്‍ ഇനി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ശ്മശാനങ്ങളായി മാറ്റാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള തെരുവോരങ്ങളിലെ വാഹനങ്ങള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണി, അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. മാരത്തണ്‍ മാക്‌സിമ കോപ്പറേറ്റിവ് ഹൗസിങ് സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ സൊസൈറ്റിയുടെ ഗേറ്റിന് പുറത്ത് കിടക്കുന്നത് യാത്രാ തടസ്സം സൃഷ്ടിക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉപേക്ഷിക്കപ്പെട്ടതോ കണ്ടുകെട്ടിയതോ ആയ എല്ലാ വാഹനങ്ങളും ഡമ്പിങ് യാര്‍ഡിലേക്ക് മാറ്റണമെന്ന് നിര്‍ദേശിച്ച് കഴിഞ്ഞമാസം നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അറിയിപ്പ് നല്‍കിയിരുന്നതായി ട്രാഫിക് വിഭാഗം അഡീഷണല്‍ പോലീസ് കമ്മിഷണര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. എന്നാല്‍, തുടര്‍ നടപടികളുണ്ടാകാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. പിടിച്ചെടുത്ത വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിന് ഓരോവാര്‍ഡിലും സൗകര്യപ്രദമായ സ്ഥലങ്ങള്‍ കണ്ടെത്തണമെന്ന് ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വാഹനങ്ങള്‍ മാലിന്യംതള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ചാല്‍ മാത്രം പോരാ. ഈ വാഹനങ്ങള്‍ ഇനി ആവശ്യമില്ലാത്ത സാഹചര്യത്തില്‍, നശിപ്പിക്കുന്നതിനാവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജൂലായ് രണ്ടിലേക്ക് മാറ്റി.