തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച പ്രതി പിടിയില്‍. വയോധികയുടെ മരുമകളെയാണ് പോലീസ് പിടികൂടിയത്. ബാലരാമപുരം സ്വദേശി വാസന്തി (63) യെയാണ് മകന്റെ ഭാര്യ സുകന്യ ( 36 ) മുഖം മൂടി ധരിച്ച് അക്രമിച്ചത്. രാവിലെ പാല് വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം.
വീടിനു സമീപത്തെ സൊസൈറ്റിയില്‍ പാല്‍ വാങ്ങാന്‍ പോകുകയായിരുന്ന വാസന്തിയെ ആക്രമിക്കുകയായിരുന്നു. കാല്‍ അടിച്ചൊടിച്ചു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ വാസന്തിയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. രണ്ടാമത്തെ മകന്‍ രതീഷ് കുമാറിന്റെ ഭാര്യയാണ് സുകന്യ. മദ്യപാനിയായ രതിഷ്‌കുമാര്‍ ഭാര്യയെ സ്ഥിരമായി തല്ലുമായിരുന്നു. ഇത് മകനെകൊണ്ട് ചെയ്യിക്കുന്നതാണെന്ന് ആരോപിച്ചാണ് മരുമകള്‍ പതിയിരുന്ന് അമ്മായി അമ്മയുടെ കാല്‍ തല്ലിയൊടിച്ചത്.