ന്യൂയോര്‍ക്ക് : വെനസ്വേലന്‍ സൈക്ലിംഗ് ഇതിഹാസം ഡാനിയേല ലാറിയല്‍ ചിറിനോസ് മരിച്ചനിലയില്‍. അമേരിക്കയിലെ ലാസ് വെഗാസിലെ അപ്പാര്‍ട്ട്‌മെന്റിലാണ് വെനസ്വേലയെ പ്രതിനിധീകരിച്ച് അഞ്ച് തവണ ഒളിംപിക്‌സില്‍ പങ്കെടുത്തിട്ടുള്ള മുന്‍ സൈക്ലിംഗ് താരത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചത്. ജോലി ചെയ്തിരുന്ന ലാസ് വെഗാസിലെ ഒരു ഹോട്ടലില്‍ ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 50കാരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 1992 മുതല്‍ 2012 വരെ അഞ്ച് ഒളിംപിക്‌സുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്.1992 ബാഴ്സലോണ, 1996 അറ്റ്‌ലാന്റ, 2000 സിഡ്‌നി, 2004 ഏതന്‍സ്, 2012 ലണ്ടന്‍ ഗെയിംസുകളിലാണ് മത്സരിച്ചത്. 2002 ലെ സെന്‍ട്രല്‍ അമേരിക്കന്‍, കരീബിയന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകളും 2003 ലെ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലുകളും ഉള്‍പ്പെടെ നിരവധി മെഡലുകള്‍ അവര്‍ നേടിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ കരിയറില്‍ സൈക്ലിംഗ് കമ്മ്യൂണിറ്റിയില്‍ ബഹുമാനിക്കപ്പെടുന്ന താരമാണ് ചിറിനോസ്.
വെനസ്വേലയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ കടുത്ത വിമര്‍ശകയായിരുന്നു ചിറിനോസ്. ഹ്യൂഗോ ഷാവേസിനെ അടക്കം വിമര്‍ശിച്ചിട്ടുള്ള ചിറിനോസ്, 2013-ല്‍ നിക്കോളാസ് മഡുറോ അധികാരമേറ്റപ്പോള്‍, പ്രസിഡന്റിനെ സ്വേച്ഛാധിപതി എന്ന് വിളിച്ചതിന് ഇവര്‍ നിര്‍ബന്ധിത നാടുകടത്തലിന് വിധേയയായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, അമേരിക്കയിലെ മിയാമിയിലും ലാസ് വെഗാസിലുമായാണ് ജീവിച്ചത്.