പത്തനംതിട്ട : ഓമല്ലൂര്‍ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ പടിഞ്ഞാറെ മുണ്ടകന്‍ ഏലായില്‍ വിതയുത്സവം നടത്തി. വിത്ത് വിതക്കലിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. വയല്‍വാണിഭത്തിന്റെ നാടായ ഓമല്ലൂര്‍ പഞ്ചായത്തിലെ എല്ലാ പാടശേഖരങ്ങളിലും സമ്പൂര്‍ണ നെല്‍കൃഷി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.
പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്. 20 ഹെക്ടര്‍ വരുന്ന പാടശേഖരത്തിലാണ് കൃഷി ആരംഭിച്ചത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി, ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സന്‍ വിളവിനാല്‍, ഗ്രാമപഞ്ചായത്ത് അംഗം എം.ആര്‍ അനില്‍ കുമാര്‍, പാടശേഖര സമിതി ഭാരവാഹികളായ ഡോ.റാം മോഹന്‍, പി.ആര്‍ പ്രസന്നകുമാരന്‍ നായര്‍, രാജശേഖരന്‍ നായര്‍, പി.ഇ ഈശോ തുടങ്ങിയവര്‍ പങ്കെടുത്തു.