പത്തനംതിട്ട : കാർഷിക സംസ്കാരത്തിന്റെ ഗതകാല സ്മരണകളുയർത്തി ഓമല്ലൂർ വയൽവാണിഭത്തിന് തുടക്കം. വെളിനല്ലൂർ ഗ്രാമവുമായി വയൽ വാണിഭത്തിനുള്ള ചരിത്ര ബന്ധത്തെ അനുസ്മരിച്ച് മേളയുടെ തുടക്കമെന്ന നിലയിൽ ഇക്കുറിയും ആഘോഷമായി ദീപശിഖ എത്തി.
ഇന്നലെ രാവിലെ വെളിനല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ, ക്ഷേത്രോപദേശക സമിതി സെക്രട്ടറി ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ ഓമല്ലൂർ സംഘത്തെ സ്വീകരിച്ചു. തുടർന്ന് ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിന് ദീപശിഖ കൈമാറി. നിരവധി സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം ഓമല്ലൂരിൽ എത്തി. വയൽ വാണിഭ സ്മൃതി മണ്ഡപമായ പാലമരച്ചുവട്ടിൽ ദീപശിഖ സ്ഥാപിച്ചതോടെ വയൽവാണിഭത്തിന് തുടക്കമായി.
ഇന്ന് രാവിലെ 10ന് കാർഷിക വിപണന മേള പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കാർഷിക സെമിനാർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം നാലിന് സാംസ്‌കാരിക ഘോഷയാത്ര . സാംസ്‌കാരിക സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. രാത്രി എട്ടിന് ഗാനമേള. തുടർന്നുള്ള ദിവസങ്ങളിൽ സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവ ഉണ്ടാകും. 21 ന് വൈകുന്നേരം ആറിന് നടക്കുന്ന സാംസ്കാരിക സന്ധ്യകളുടെ സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.