ഓമല്ലൂര്‍ : ഓമല്ലൂര്‍ സര്‍വീസ് സഹകരണ സംഘത്തിന്‍റെ അറ്റാദായ നഷ്‌ടം 40 കോടി കടന്നതായി 2021-2022ലെ ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. 16 വര്‍ഷം കൊണ്ട് 40 കോടിയില്‍പരം രൂപ അറ്റാദായ നഷ്‌ടത്തില്‍ എത്തിനില്‍ക്കുന്നത് ന്യായീകരിക്കാന്‍ പറ്റുന്നതല്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രവര്‍ത്തന നഷ്‌ടം മാത്രമല്ല ഈ അവസ്ഥയ്‌ക്ക് കാരണം. 2010 -11 വര്‍ഷത്തില്‍ 7 കോടി രൂപയായിരുന്നു അറ്റാദായ നഷ്‌ടം. രണ്ടായിരത്തി പത്ത് വരെ കിട്ടാനുള്ള പലിശ മൂന്നു കോടിക്ക് മുകളിലായിരുന്നു. എന്നാല്‍ 2011-ല്‍ ഇത് വെറും 42 ലക്ഷം രൂപയായി കുറഞ്ഞിരുന്നെങ്കിലും 2012-ല്‍ നാലര കോടി രൂപയായി കൂടിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2015 -ല്‍ വീണ്ടും 5.7 കോടി രൂപയായി ഉയര്‍ന്നു. 2016-ല്‍ ഇത് 2.82 2017 ആയി കുറഞ്ഞു. 2018-2019 വര്‍ഷങ്ങളില്‍ 3.9 കോടി രൂപയും 2020-ല്‍ 5.38 കോടി രൂപയും വര്‍ദ്ധിച്ചു. 2021-ല്‍ 4.68 കോടിയായിരുന്നു നഷ്‌ടമെന്നാണ് ഓഡിറ്റില്‍ പറയുന്നത്.
അറ്റാദായ നഷ്‌ടത്തോടൊപ്പം ഇതുവരെ 31.36 കോടി രൂപയുടെ നിക്ഷേപ ശോഷണം നടന്നിട്ടുള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്. 2021-22 സാമ്പത്തിക വര്‍ഷം മാത്രം എസ്‌റ്റാബ്ലിഷ് മെന്റ് ഇനത്തില്‍ 1.25 കോടി രൂപയും കണ്ടിജന്‍സി ഇനത്തില്‍ 1.56 കോടി രൂപയും ചെലവഴിച്ചതായും പരാമര്‍ശിച്ചിട്ടുണ്ട്. 2021 -22 സാമ്പത്തിക വര്‍ഷം വരെ 408,081,048 രൂപയാണ് അറ്റാദായ നഷ്‌ടമായി കണ്ടെത്തിയിരിക്കുന്നത് .
പുതിയ വായ്‌പകള്‍ അനുവദിക്കാനോ സ്വര്‍ണ്ണപ്പണയം സ്വീകരിക്കാനോ പറ്റാത്ത അവസ്ഥയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.