മസ്കറ്റ് : ഒമാനിൽ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് ചികിത്സയിലുള്ളത്. അവധി കഴിഞ്ഞ് മാർച്ച് പതിമൂന്നിനുള്ള വിമാനത്തിലാണ് ഇദ്ദേഹം തിരികെ എത്തിയത്.
16ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സ നൽകി പരിശോധനാ സാമ്പിളുകൾ എടുത്തിരുന്നു. ഇന്നലെയാണ് രോഗ വിവരം സ്ഥിരീകരിച്ചത്, തുടർന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രിയിലേക്ക് മാറ്റി. മലയാളിയുടേതടക്കം ഒമ്പത് കേസുകളാണ് വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.
ഇതോടെ ഒമാനിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയർന്നു. ഇതു വരെ 13 പേരാണ് രോഗ വിമുക്തി നേടിയിട്ടുള്ളത്.