ഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു. രാജസ്ഥാനിലും, ഡല്‍ഹിയിലും നാല് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 49 ആയി ഉയര്‍ന്നു. ആന്ധ്രപ്രദേശില്‍ ഒമിക്രോണ്‍ ബാധിച്ച വ്യക്തി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജസ്ഥാനില്‍ നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 13 ആയി.
രോഗം സ്ഥിരീകരിച്ച നാല് പേരില്‍, മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ, ഉക്രൈനില്‍ നിന്നും എത്തിയ ഒരു സ്ത്രീയ്‌ക്കും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യതലസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം ആറായി. കൂടാതെ, ഡല്‍ഹി ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വ്യക്തി രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വിദേശത്ത് നിന്നെത്തിയ 35 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. ഇവരുടെ സാംപിളുകള്‍ ജീനോം പരിശോധനയ്‌ക്ക് അയച്ചതായും മന്ത്രാലയം അറിയിച്ചു.