ന്യൂഡല്‍ഹി : ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി.എ. 2.12 കണ്ടെത്തിയതായി ഡല്‍ഹി ആരോഗ്യ വകുപ്പ്. വ്യാഴാഴ്ച നടത്തിയ ജീനോ പരിശോധനയിലാണ് സാമ്പിളില്‍ വ്യതിയാനം കണ്ടെത്തിയത്. വിശദ പരിശോധനക്കായി സാമ്പിള്‍ ഐ.എന്‍.എസ്.എ.സി.ഒ.ജിയിലേക്ക് അയച്ചു. ഇവിടെ നിന്നുള്ള ഫലം ലഭിക്കുന്നതോടെ പുതിയ വകഭേദം സംബന്ധിച്ച അന്തിമ സ്ഥിരീകരണമുണ്ടാകും. രോഗബാധയുള്ള ആളുമായി സമ്പര്‍ക്കത്തിലുള്ളവരുടെ സാമ്പിളുകളും അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വ്യാഴാഴ്ച 965 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. ബുധനാഴ്ച 1009 പേര്‍ക്ക് രോഗബാധ കണ്ടെത്തുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 10ന് ശേഷമുള്ള കൂടിയ കണക്കാണ് ബുധനാഴ്ചത്തേത്. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹി, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. മാസ്ക് ഉപയോഗം വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധ ഉയരുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ജീനോം സീക്വന്‍സിങ് വ്യാപിപ്പിക്കാനും ആശുപത്രികളിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങള്‍, ഇന്‍ഫ്‌ലുവന്‍സ് കേസുകള്‍ എന്നിവ നിരീക്ഷിക്കാനുമാണ് ജാഗ്രതാ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.