കണ്ണൂർ : ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും തനിക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കണ്ണൂർ ഡി സി സി യിലെ പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നെങ്കിലും സംസാരിക്കാനായില്ല. ഹൈക്കമാൻഡ് പിന്തുണയോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും കെ സുധാകരൻ പ്രതികരിച്ചു.
കോൺഗ്രസ് സംഘടനാ രംഗത്ത് ഒരുപാട് മാറ്റങ്ങൾ വേണ്ടിവരും. പാർട്ടിക്ക് അച്ചടക്കം കുറഞ്ഞു അച്ചടക്കമില്ലാത്ത പാർട്ടിക്ക് രാഷ്ട്രീയ മണ്ഡലത്തിൽ നിലനിൽപില്ലെന്ന് തിരിച്ചറിയണം. പുതിയ നേതൃത്വം പാർട്ടിയെ സെമി കേഡർ രൂപത്തിലേക്ക് മാറ്റും. അതിനുള്ള തയാറെടുപ്പുകൾ തുടങ്ങി. പുതിയ ഡി സി
സി നേതൃത്വം ഞായറാഴ്ച ചുമതലയേറ്റെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി. ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെയാണ് കെ സുധാകരന്റെ പ്രതികരണം.