പത്തനംതിട്ട : മകരവിളക്ക് ദര്‍ശന ദിവസമായ ജനുവരി 14 ന് ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. 12 ന് ശേഷം യാതൊരു കാരണവശാലും ഭക്തരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല. മകരസംക്രമ പൂജ 14 ന് രാത്രി 8.45 ന് നടക്കും. തുടര്‍ന്ന് പിറ്റെ ദിവസമായിരിക്കും ഭക്തരെ പ്രവേശിപ്പിക്കുക.
മകരവിളക്ക് ദര്‍ശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ശബരിമല സന്നിധാനത്ത് പൂര്‍ത്തിയായി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കും. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കാന്‍ ശബരിമല എഡിഎം പി. വിഷ്ണുരാജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗത്തില്‍ തീരുമാനമായി.
മകരവിളക്ക് ദര്‍ശനത്തിനുള്ളില്‍ ഓരോ പോയിന്റുകളിലും പരമാവധി തങ്ങാന്‍ കഴിയുന്ന ഭക്തരുടെ ഏകദേശ എണ്ണം പോലീസ് നിര്‍ണ്ണയിച്ചിട്ടുണ്ട്. ഇത് പാലിക്കപ്പെടുന്നവെന്ന് ഉറപ്പാക്കുന്ന വിധത്തില്‍ പോലീസ് ക്രമീകരണം ഏര്‍പ്പെടുത്തും. പാണ്ടിത്താവളത്ത് 26000 പേര്‍ക്കും ശ്രീകോവില്‍ പരിസരത്ത് മൂവായിരം പേരെയും ഉള്‍ക്കൊള്ളാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ബാരിക്കേഡുകള്‍, ലൈറ്റിംഗ് സൗകര്യങ്ങള്‍, വൈദ്യസഹായം, കുടിവെള്ളം, സ്ട്രെച്ചറുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മകരവിളക്ക് ദിവസത്തെ ഭക്തജനത്തിരക്ക് ക്രമീകരിക്കുന്നതിനും ഭക്തര്‍ക്ക് റിഫ്രഷ്‌മെന്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും സന്നിധാനത്തെ മുഴുവന്‍ സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം പൂര്‍ണ്ണമായി വിനിയോഗിക്കും.
മകരവിളക്ക് ദര്‍ശനത്തോടനുബന്ധിച്ച് ആരോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കും. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
മകരജ്യോതി ദര്‍ശനത്തിനായി ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന പാണ്ടിത്താവളത്ത് ആരോഗ്യവകുപ്പ് താത്കാലിക ആശുപത്രിയും അടിയന്തര ചികിത്സാ സംവിധാനവുമൊരുക്കും.
16 സ്ട്രെച്ചറുകള്‍ വിവിധ കേന്ദ്രങ്ങളിലായുണ്ടാകും. അവശ്യ മരുന്നുകളും സംഭരിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കും. പാണ്ടിത്താവളത്തെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് സ്റ്റാഫ് നഴ്സുകളും ഓക്സിജന്‍ സിലിണ്ടര്‍ അടക്കമുള്ള സംവിധാനങ്ങളോട് കൂടിയ ട്രയാജ് സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ഏതെങ്കിലും രീതിയിലുള്ള അപകടമുണ്ടായാല്‍ അതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
അപകടത്തില്‍ നിന്നുള്ള പരിക്കിന്റെ ആഘാതമനുസരിച്ച് ഗ്രീന്‍, യെല്ലോ, റെഡ് വിഭാഗങ്ങളിലായി രോഗികളെ തിരിച്ച് ടാഗ് ചെയ്തായിരിക്കും ചികിത്സ ലഭ്യമാക്കുക. ഗുരുതരാവസ്ഥയിലുള്ള രോഗികളെ റെഡ് സോണിലും അതിലും കുറഞ്ഞ പരിക്കുള്ളവരെ യെല്ലോ സോണിലും നിസാര പരിക്കുള്ളവരെ ഗ്രീന്‍ സോണിലും ഉള്‍പ്പെടുത്തിയാകും ടാഗ് ചെയ്യുക. റെഡ്, യെല്ലോ വിഭാഗത്തിലുള്ളവരെ മാത്രമേ സന്നിധാനത്തെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ഗ്രീന്‍ സോണിലുള്ളവരെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബംഗ്ലാവിലുള്ള ആശുപത്രിയിലാണ് എത്തിക്കുക. രണ്ട് ഡോക്ടര്‍മാരും ആറ് സ്റ്റാഫ് നഴ്സുകളും മറ്റ് അനുബന്ധ ജീവനക്കാരുമാണ് ഇവിടെയുള്ളത്.
ഗ്രീന്‍ സോണിലുള്ള കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്തും. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 15 ബെഡുകളുള്ള സൗകര്യമാണ് ഇവിടെയുള്ളത്. 20 ബെഡുകളുള്ള സഹാസ് ആശുപത്രിയും പ്രയോജനപ്പെടുത്തും. ഏറ്റവും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമായിരിക്കും സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ഒരു ആംബുലന്‍സ് സന്നിധാനം ആശുപത്രിക്ക് മുന്നിലും മറ്റൊരു ഓഫ് റോഡ് ആംബുലന്‍സ് പാണ്ടിത്താവളത്തും സജ്ജമാക്കും.
തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ പൊതുവായ നിര്‍ദേശങ്ങളും അറിയിപ്പുകളും നല്‍കുന്നതിനു പകരം മെഗാഫോണ്‍ വഴി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കും. സന്നിധാനത്ത് പാചകം ചെയ്യുന്നതിനും തീ കത്തിക്കുന്നതിനും കര്‍ശന നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാക്ടറുകളില്‍ ഗ്യാസ് സിലിണ്ടറുകളും അടുപ്പുകളും കൊണ്ടു പോകുന്നതും തടയും. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കും. കടകളില്‍ വലിയ പാത്രങ്ങള്‍ വില്‍ക്കുന്നത് തടയും. വലിയ പാത്രങ്ങളും മറ്റും വിതരണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും. വനത്തിനുള്ളില്‍ ഷെഡ് കെട്ടി കഴിയുന്നവരെ കണ്ടെത്തി ഒഴിപ്പിക്കാന്‍ വനം വകുപ്പിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തും.
ഭക്തര്‍ വരി നില്‍ക്കുന്ന യു-ടേണുകളില്‍ ബാരിക്കേഡുകളുടെ ഉയരം കൂട്ടുന്നതിന് നടപടി സ്വീകരിക്കും. ബാരിക്കേഡിനുള്ളിലൂടെ ഭക്തര്‍ നുഴഞ്ഞുകയറുന്നത് തടയുന്നതിനാണിത്. തിരക്ക് നിയന്ത്രിക്കുന്നതിനായി വനം വകുപ്പിന്റെയും പോലീസിന്റെയും എന്‍ഡിആര്‍എഫിന്റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും.
മകരവിളക്ക് ദര്‍ശനത്തോടനുബന്ധിച്ച് ഭക്തര്‍ തിരിച്ചിറങ്ങുന്ന പോയിന്റുകള്‍ വര്‍ധിപ്പിക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. പാണ്ടിത്താവളത്തില്‍ നിന്നെത്തുന്നവരെ രണ്ട് വഴികളിലേക്കായി തിരിച്ച് വിട്ട് തിരക്ക് കുറയ്ക്കും. ബാരിക്കേഡുകള്‍ ശക്തമാക്കും. 13 -ാം തീയതിയോടെ വേ ടു പമ്പ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഭക്തര്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ ലൈറ്റുകളും സ്പോട്ട് ലൈറ്റുകളും സ്ഥാപിക്കും. മകരവിളക്ക് ദിനത്തിലും തൊട്ടടുത്ത ദിവസങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. ദര്‍ശന പോയിന്റുകളില്‍ കുടിവെള്ളം ഉറപ്പുവരുത്തുന്നതിന് 42 കുടിവെള്ള ടാപ്പുകള്‍ അധികമായി സ്ഥാപിച്ചിട്ടുണ്ട്.
പരാതികളില്ലാത്ത ഒരു തീര്‍ഥാടനകാലം ഒരുക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് എഡിഎം പി. വിഷ്ണുരാജ് പറഞ്ഞു. വിവിധ വകുപ്പുകള്‍ മണ്ഡലകാലത്തെ സഹകരണം തുടര്‍ന്നും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ഇ.എസ്. ബിജുമോന്‍, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ എച്ച്. കൃഷ്ണകുമാര്‍, അസിസ്റ്റന്റ് സ്പെഷ്യല്‍ ഓഫീസര്‍ ആര്‍. പ്രതാപന്‍ നായര്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033