മൈസൂരു: ഫ്ലാഗ് ഓഫ് ചെയ്ത് ആറ് മാസത്തിനിടയില്‍ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ 64 ചില്ലുകള്‍ മാറേണ്ടി വന്നതായി റെയില്‍വേ. മൈസൂരു ചെന്നൈ പാതയിലോടുന്ന വന്ദേ ഭാരത് എക്സ്പ്രസിനാണ് കല്ലേറില്‍ ചില്ലുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായത്. 2022 നവംബര്‍ 11 നാണ് ചെന്നൈ മൈസുരു പാതയില്‍ വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങിയത്. ട്രെയിനിന് നേരെയുള്ള കല്ലേറ് പലയിടങ്ങളിലും കാണാറുള്ള സംഭവമാണെങ്കിലും വന്ദേ ഭാരത് എക്സ്പ്രസിനെതിരായ കല്ലേറ് മറ്റ് ട്രെയിനുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണവുമായി താരതമ്യം ചെയ്യുമ്പോള്‍ അധികമാണെന്നാണ് ദക്ഷിണ റെയില്‍വേ വിലയിരുത്തുന്നത്. തമിഴ്നാട്ടിലും കര്‍ണാടകയിലും വന്ദേഭാരതിനെതിരെ കല്ലെറിഞ്ഞവരില്‍ ഏറിയ പങ്കും പ്രായ പൂര്‍ത്തിയാകാത്തവരാണെന്നതാണ് ശ്രദ്ധേയമായ വസ്തുതയെന്നാണ് ദക്ഷിണ റെയില്‍വേ വിശദമാക്കുന്നത്.
ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനിലെ ചീഫ് പ്രൊജക്ട് മാനേജര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ വന്ദേ ഭാരതിന്‍റെ ചില്ലിന് തകരാറ് ഉണ്ടായ ഏഴ് വ്യത്യസ്ത സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇതിന് പുറമേയുള്ള സംഭവങ്ങള്‍ ബെംഗളുരു ഡിവിഷന് കീഴിലാണ് സംഭവിച്ചിട്ടുള്ളത്. 80 ശതമാനത്തോളം കല്ലേറും നടന്നിട്ടുള്ളത് ബെംഗളുരു ഡിവിഷന് കീഴിലാണെന്നും റെയില്‍വേ അധികൃതര്‍ വിശദമാക്കുന്നു. ബെംഗളുരു ഡിവിഷന് കീഴില്‍ നടന്ന സംഭവങ്ങളില്‍ മാത്രമായി 26 വിന്‍ഡോകളാണ് മാറ്റിവയ്ക്കേണ്ടി വന്നിട്ടുള്ളത്. ഇതില്‍ തന്നെ 10 സംഭവങ്ങള്‍ രാമനഗരയ്ക്കും മാണ്ഡ്യയ്ക്കും ഇടയിലാണ് സംഭവിച്ചിട്ടുള്ളത്. ബാക്കിയുള്ളവ മാലൂരിനും കന്‍റോണ്‍മെന്റിനും ഇടയിലാണ് സംഭവിച്ചിട്ടുള്ളത്. മറ്റൊരു ട്രെയിനിന് നേരിടേണ്ടി വരുന്ന കല്ലേറുകളേക്കാളും കൂടുതലാണ് വന്ദേഭാരതിന് നേരെയുണ്ടാവുന്നതാണെന്നാണ് റെയില്‍വേ അധികൃതര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്.