പൂക്കളില്ലാതെയൊരു ഓണം നമുക്ക് ചിന്തിക്കാൻ പോലുമാവില്ല. പൂക്കളമിടുവാനും അലങ്കരിക്കുവാനും ഓണത്തിന് മലയാളികൾക്ക് പൂ കൂടിയേ തീരു. മുക്കുറ്റിയും തുമ്പയും വീട്ടുമുറ്റത്തെ വാടാമല്ലിയും കോളാമ്പിപ്പൂവും കാക്കപ്പൂവും തെച്ചിയും ഒക്കെക്കൊണ്ട് പൂക്കളമൊരുക്കിയിരുന്ന കാലമൊക്കെ കടന്നു പോയി. അതിർത്തി കടന്ന് പൂക്കളെത്തിയാലേ മലയാളികൾക്ക് ഓണത്തിന് പൂവിടാനാവൂ എന്നതാണ് സ്ഥിതി. ഇത്തവണയും കാര്യങ്ങളിൽ വലിയ മാറ്റമൊന്നുമില്ല. ഓണം നോക്കി പൂവിറക്കിയ പൂഗ്രാമങ്ങളിൽ വിളവെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ ഓണത്തിനായി പൂക്കൾ വിടരുന്ന തോവാളയും തെങ്കാശിയും സുന്ദരപാണ്ഡ്യവും പോലുള്ള പൂക്കുടകൾ ഇടങ്ങൾ പരിചയപ്പെടാം.
തോവാള ; കേരളത്തിലേക്ക് ഓണക്കാലത്ത് ഏറ്റവും കൂടുതൽ പൂക്കളെത്തുന്ന ഇടമാണ് തോവാള. കേരളത്തിന്‍റെ പൂക്കൂട എന്നും തിരുവിതാംകൂറിന്‍റെ പൂക്കട എന്നുമെല്ലാം അറിയപ്പെടുന്ന തോവാളയിൽ നിന്നുള്ള പൂക്കള്‍ അത്തം മുതൽ തന്നെ കേരളത്തിലെത്തി കഴിഞ്ഞു. കേരളത്തിന്‍റെ ഓണം നിറങ്ങൾ നിറഞ്ഞതാകണമെങ്കിൽ ഇവിടുന്ന് നാട്ടിലേക്ക് പൂ എത്തുക തന്നെ വേണം. ലോകത്തിലെ തന്നെ ഏറ്റവം പേരുകേട്ട പൂ മാർക്കറ്റുകളിലൊന്നായ തോവാളയിലേക്ക് തിരുവനന്തപുരത്ത് നിന്ന് 86.9 കിലോമീറ്ററാണ് ദൂരം. ഓണക്കാലത്ത് ഏറ്റവും കുറഞ്ഞത് 15 ടൺ പൂക്കൾ വരെ ഇവിടെ കച്ചവടം നടത്തും. ഇതിലേറെയും കേരളത്തിലേക്കാണ് വരുന്നത്. തോവാളയിൽ നിന്നും കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പൂക്കൾ നേടിട്ടെത്തുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ പത്ത് ടണ്‍ പൂക്കൾ വരെ ഇവിടെ വില്പന നടത്തും. മുല്ല, ജമന്തി, പിച്ചി, വാടാമല്ലി, റോസ്, താമര, രാജമല്ലി തുടങ്ങിയ പൂക്കളാണ് ഇവിടെ ലഭിക്കുന്നത്.
സുന്ദരപാണ്ഡ്യപുരം ; കേരളത്തിലേക്ക് പൂക്കളെത്തുന്ന മറ്റൊരു പ്രധാന ഇടമാണ് സുന്ദരപാണ്ഡ്യപുരം. ഏതു പൂക്കളും ഇവിടെ ലഭിക്കുമെങ്കിലും സുന്ദരപാണ്ഡ്യപുരത്തെ ഏറ്റവും പ്രധാന കാഴ്ച ഇവിടുത്തെ സൂര്യകാന്തിപ്പൂക്കൾ തന്നെയാണ്. ഓണം ലക്ഷ്യമാക്കി ഏറ്റവും വലിയ പൂകൃഷി നടക്കുന്ന സ്ഥലം കൂടിയാണിത്. ഏകദേശം അയ്യായിരത്തിലധികം ഏക്കർ സ്ഥലത്ത് ഇവിടെ പൂകൃഷി നടത്തുന്നു. തെന്മല-ആര്യങ്കാവ്-ചെങ്കോട്ട-തെങ്കാശി വഴി ഇവിടേക്ക് എത്താം. തെങ്കാശിയിൽ നിന്നും 13 കിലോമീറ്റർ ദൂരമേ സുന്ദരപാണ്ഡ്യപുരത്തേയ്ക്കുള്ളൂ. തിരിച്ചുപോരാൻ തോന്നിക്കാത്ത ഗ്രാമീണഭംഗിയാണ് ഈ നാടിനുള്ളത്. കാർഷിക ഗ്രാമമായ ഇവിടേക്ക് കൊല്ലത്തു നിന്നും തിരുവനന്തപുരത്തുനിന്നുമെല്ലാം ഏകദിന യാത്രയ്ക്കു പറ്റിയ സ്ഥലം കൂടിയാണ്. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യം.
ഗുണ്ടൽപേട്ട് ; പൊണോണം കണക്കാക്കി ആവശ്യത്തിലധികം പൂക്കൾ മലയാളികൾക്കായി ഉത്പാദിപ്പിക്കുന്ന ഇടമാണ് കർണ്ണാടകയിലെ ഗുണ്ടൽപേട്ട്. ജമന്തിയും മല്ലിയും വാടാമല്ലിയും ജമന്തിയും സൂര്യകാന്തിയും ഇടകലർന്നു വളർന്നു നിൽക്കുന്ന പൂപ്പാടങ്ങൾ കാണാൻ തന്നെ വല്ലാത്ത ചന്തമാണ്. കുറച്ചങ്ങ് ഉള്ളിലോട്ടു കയറിയാലും പലനിറത്തിൽ പൂത്തുലഞ്ഞു നിൽക്കുകയാണ് ചെടികൾ. വയനാട്ടിൽ നിന്നും മൈസൂരിലേക്കുള്ള യാത്രയിൽ വഴിയുടെ ഇരുവശവും ഈ കാഴ്ചകൾ കാണാം. സീസണായാൽ നൂറുകണക്കിന് മലയാളികളും മറ്റു സന്ദർശകരും ഈ കാഴ്ച കാണാൻ ഇവിടേക്ക് എത്തും.