ഇത്തവണത്തെ ഓണം യാത്രകൾ എന്തൊക്കെയാണെന്നു പ്ലാൻ ചെയ്തോ? ഒരു യാത്രയില്ലാതെ എന്ത് ഓണം അല്ലേ? ഇഷ്ടംപോലെ സ്ഥലങ്ങളുള്ളപ്പോൾ എവിടേക്ക് പോകണം എന്ന കാര്യത്തിലാണ് ആളുകൾക്ക് മുഴുവൻ കൺഫ്യൂഷൻ. കുറഞ്ഞ ചെലവിൽ കൂടുതൽ യാത്ര ലഭിക്കുന്ന പ്ലാൻ ഉണ്ടോയെന്നാണ് പലരും കാത്തിരിക്കുന്നത്. അങ്ങനയൊന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ ‘ഉല റെയിൽ’ കിടിലനൊരു പദ്ധതിയുമായി വന്നിട്ടുണ്ട്. കർണ്ണാടകയും ഗോവയും ഒരിടംപോലും വിട്ടുപോകാതെ പ്രധാനപ്പെട്ട കാഴ്ചകളിലൂടെയെല്ലാം കടന്നുപോകുന്ന യാത്രാ ഓണാവധിയിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണ്. യാത്രയ്ക്കായി പ്രത്യേകിച്ച് അവധി കണ്ടെത്താൻ സാധിക്കാത്തവർക്കും ഓണം അവധിക്കാലം അടിച്ചുപൊളിക്കാൻ ആഗ്രഹിക്കുന്നവർക്കും ധൈര്യമായി ബുക്ക് ചെയ്യാം. മാത്രമല്ല, ഇത്തവണത്തെ ഓണം ഗോവയിൽ ആഘോഷിക്കാം എന്നൊരു പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.
ഓഗസ്റ്റ് 23 ബുധനാഴ്ച മധുരെ റെയിൽവേ സ്റ്റേഷനിൽ നിന്നും അതിരാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്ന ‘ഓണം സ്പെഷ്യൽ കർണാടക -ഗോവ യന്ത്രലിങ് ഹോളിഡേയ്‌സ്എന്ന യാത്ര ഏഴ് രാത്രിയും എട്ട് പകലും നീണ്ടു നിൽക്കുന്നതാണ്. മൈസൂർ – ബേലൂർ – ഹലേബീഡു – ശ്രാവണബലഗോള – ഹംപി – ബദാമി – പട്ടടക്കൽ – ഗോവ എന്നിങ്ങനെ കർണ്ണാടകയിലെയും ഗോവയിലും എല്ലാ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ടുപോകുന്ന ഈ യാത്ര കുറഞ്ഞ ചെലവിൽ ഓണം ആഘോഷിക്കുവാൻ നിങ്ങളെ സഹായിക്കുന്നു. തിരികെ ഓഗസ്റ്റ് 30ന് നാട്ടിലെത്തുകയും ചെയ്യാം.
ടിക്കറ്റ് നിരക്ക് യാത്രക്കാർക്ക് അവരുടെ ബജറ്റിനും സൗകര്യങ്ങൾക്കുമനുസരിച്ച് തിരഞ്ഞെടുക്കുവാൻ മൂന്ന് പ്ലാനുകളുണ്ട്. കംഫോർട്ട് -3എസി, എക്കണോമി- സ്ലീപ്പർ, ബജറ്റ്- സ്ലീപ്പർ എന്നിവയാണത്. കംഫോർട്ട് -3എസി തേർഡ് എസി ക്ലാസിൽ യാത്ര, വിവിധ ഇടങ്ങളിലേക്ക് നോൺ എസി ബസിൽ ട്രാന്‍സ്പോർട്ടേഷൻ, രാത്രി താമസത്തിന് മൈസൂർ, ഹംപി, ഗോവ എന്നിവിടങ്ങളിൽ എസി റൂം, യാത്രയിലുടനീളം വെജിറ്റേറിയൻ ഭക്ഷണം, ഓരോ ദിവസവും 1 ലിറ്റർ വെള്ളം, സെക്യൂരിറ്റി സർവീസ് എന്നിവയാണ് കംഫോർട്ട് ക്ലാസിലുള്ളത്. 28,300 രൂപയാണ് നിരക്ക്.