ഓണത്തിനായുള്ള കാത്തിരിപ്പിന് ഇനി ഒരു മാസത്തിന്‍റെ അകലമേയുള്ളൂ. ഓണാവധി കൂടാതെ സ്വാതന്ത്ര്യ ദിനത്തിന്റെ നീണ്ട വാരാന്ത്യ അവധികൂടി വരുമ്പോൾ ആഗ്രഹിച്ചിരുന്ന യാത്രകൾ പ്ലാൻ ചെയ്യുവാൻ എന്തുകൊണ്ടും പറ്റിയ സമയമാണ് ഓഗസ്റ്റ് മാസം. ഇതുമുന്നിൽക്കണ്ട് ഐആര്‍സിടിസി നിരവധി അന്താരാഷ്ട്ര യാത്രാ പാക്കേജുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരുപാട് അവധിയെടുക്കാതെ ശനിയും ഞായറും കൂട്ടിയെടുത്ത് ഓഗസ്റ്റ് മാസത്തിൽ കുറഞ്ഞ ചെലവിൽ ഒരു വിദേശയാത്ര ആഗ്രഹിക്കുന്നവർക്ക് ഐആർസിടിസിയുടെ ഇന്‍റർനാഷണൽ ട്രാവൽ പാക്കേജിൽ നിന്ന് മികച്ച ഒരു യാത്ര തിരഞ്ഞെടുക്കാം. തായ്ലൻഡ്, ബാലി, നേപ്പാൾ തുടങ്ങിയ ഇടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിട്ടുള്ളത്.
സ്വാതന്ത്ര്യ ദിന സ്പെഷ്യൽ
തായ്ലൻഡ് പാക്കേജ് ഇൻഡിപൻഡൻസ് സ്പെഷ്യൽ ത്രില്ലിങ് തായ്ലൻഡ് എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജിൽ ബാംങ്കോക്കും പട്ടായയും ആണ് സന്ദർശിക്കുന്നത്. അഞ്ച് രാത്രിയും ആറു പകലും നീണ്ടു നിൽക്കുന്ന യാത്ര ഓഗസ്റ്റ് 12ന് പുലർച്ചെ 12.05ന് കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 16ന് പുലർച്ചെ 5.10ന് തിരികെ എത്തും. പട്ടായ, കോറൽ ഐലൻഡ്, സഫാരി വേൾഡ് ടൂർ, ബാങ്കോക്ക്, ഗോൾഡൻ ബുദ്ധ, മാർബിൾ ബുദ്ധ, തുടങ്ങിയ സ്ഥലങ്ങളാണ് ഈ യാത്രയിൽ സന്ദർശിക്കുന്നത്. 43,800/- രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. യാത്രക്കാർ കോവിഡ് വാസ്കിനേഷന്റെ രണ്ടു ഡോസുകൾ എടുത്തിരിക്കണമെന്നും പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസ കാലാവധി ഉണ്ടായിരിക്കണമെന്നും നിബന്ധനയിൽ പറയുന്നു.
ബാലി ലോങ് വീക്കെൻഡ് യാത്ര
സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായുള്ള നീണ്ട വാരാന്ത്യത്തിൽ ബാലിയിലേക്ക് ഐആർസിടിയി യാത്ര സംഘടിപ്പിക്കുന്നു. ഔസം ബാലി – ലോങ് വീക്കെൻഡ് സ്പെഷ്യൽ എന്നാണ് പാക്കേജിന്റെ പേര്. അഞ്ച് രാത്രിയും ആറ് പകലും ബാലിയിൽ ചെലവഴിക്കുന്ന യാത്ര ഓഗസ്റ്റ് 11ന് രാത്രി 11.05ന് ലക്നൗ വിമാനത്താവളത്തിൽ നിന്നാരംഭിച്ച് ഓഗസ്റ്റ് 16ന് മടങ്ങിയെത്തും. ബാലി, ഉൾവാട്ട ക്ഷേത്രം, ഉബുദ് കോഫീ പ്ലാന്‍റേഷൻ, കിന്‍റാമാണി വില്ലേജ്,ഉബുദ് മാര്‍ക്കറ്റ്, ബാലി സഫാരി, മറൈൻ പാർക്ക്, ടര്‍ട്ടിൽ കൺസർവേഷന് ഐലൻഡ് തവാ ലോട്ട് തുടങ്ങിയ സ്ഥലങ്ങൾ യാത്രയിൽ സന്ദർശിക്കും.92700 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കൊവിഡ് ഡബിൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കുറഞ്ഞത് ആറുമാസം സാധുതയുള്ള പാസ്പോർട്ട് എന്നിവ യാത്രക്കാർക്ക് ഉണ്ടായിരിക്കണം.
ബെസ്റ്റ് ഓഫ് നേപ്പാൾ യാത്ര
ഡൽഹിയിൽ നിന്നും നേപ്പാളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കുള്ള യാത്രയാണ് ബെസ്റ്റ് ഓഫ് നേപ്പാൾ.അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ഓഗസ്റ്റ് 20ന് ഡല്‍ഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 25ന് മടങ്ങിയെത്തും. ആദ്യം ബുക്ക് ചെയ്യുന്ന 30 പേർക്കാണ് പോകാൻ അവസരം. കാഠ്മണ്ഡു, പത്താൻ, ദര്‍ബാർ സ്ക്വയർ, പൊഖാറ, ടിബറ്റൻ റെഫ്യൂജീ സെന്‍റർ, മനോകാമനാ ക്ഷേത്രം, സ്വയംഭൂനാഥ് സ്തൂപ, തുടങ്ങിയ സ്ഥലങ്ങൾ യാത്രയില്‍ സന്ദർശിക്കും. 40900 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കുറഞ്ഞത് ആറുമാസം സാധുതയുള്ള പാസ്പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി കാർഡ്, കുഞ്ഞുങ്ങൾക്ക് ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂൾ കുട്ടികളാണെങ്കിൽ സ്കൂൾ തിരിച്ചറിയൽ കാർഡ് തുടങ്ങിയവ കരുതണം.
തായ്ലലൻഡ് യാത്ര
അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന തായ്ലൻഡ് യാത്ര ലക്നൗവിൽ നിന്നാണ് ആരംഭിക്കുന്നത്. സ്പാർക്ലിങ് തായ്ലൻഡ് (NLO08A) എന്നതാണ് പാക്കേജ്. ഓഗസ്റ്റ് 25ന് പോയി 30ന് തിരികെ വരുന്ന വിധത്തിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. 35 പേർക്കാണ് പങ്കെടുക്കുവാൻ അവസരമുള്ളത്. 57900 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്.