കൊച്ചി: എന്‍എച്ച്-66ന്റെ വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതോടെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാ സമയം പകുതിയായി കുറയും. നിലവില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ സമയമെടുക്കുന്ന യാത്ര രണ്ടര മണിക്കൂറായി കുറയുമെന്ന് എന്‍എച്ച്എഐ അധികൃതര്‍ പറയുന്നു. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം മുക്കോല വരെയുള്ള 644 കിലോമീറ്റര്‍ നീളത്തിലുള്ള എന്‍എച്ച്66 ആറ് വരിയാക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. പാതയിലെ 22 റീച്ചുകളില്‍ നാലെണ്ണം ഒരു മാസത്തിനുള്ളില്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ശേഷിക്കുന്ന റീച്ചുകളില്‍ 60 ശതമാനത്തിലധികം പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
‘മാടവന ജങ്ഷന്‍ (അരൂര്‍-ഇടപ്പള്ളി എന്‍എച്ച്66 ബൈപാസ്) ഒഴികെ, തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെയുള്ള മുഴുവന്‍ ഭാഗത്തും ട്രാഫിക് സിഗ്‌നലുകളോ റൈറ്റ് ടേണുകളോ ഉണ്ടാകില്ല. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. വാഹനങ്ങള്‍ സര്‍വീസ് റോഡിലൂടെ കടന്ന് അണ്ടര്‍പാസുകളിലൂടെ യു-ടേണ്‍ എടുക്കണം. മണിക്കൂറില്‍ 100 കിലോമീറ്ററില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തിലാണ് ക്രമീകരണം.’ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) യിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു.
അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേയില്‍ താഴെയുള്ള സര്‍വീസ് റോഡുകളിലേക്ക് മൂന്ന് എക്‌സിറ്റ് റാമ്പുകള്‍ ഉണ്ടായിരിക്കും. ചന്തിരൂരിലും കുത്തിയതോടിലുമുള്ള ഔര്‍ ലേഡി ഓഫ് മേഴ്‌സി ഹോസ്പിറ്റലിന് സമീപമുള്ള അരൂരിലും ഈ ക്രമീകരണം കൊണ്ടുവരും. നിര്‍മ്മാണത്തിലിരിക്കുന്ന 12.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അരൂര്‍-തുറവൂര്‍ എലവേറ്റഡ് ഹൈവേ ഉപയോഗിക്കുന്നതിന് യാത്രക്കാര്‍ക്ക് പ്രത്യേകം ടോള്‍ നല്‍കേണ്ടിവരും. എറണാകുളം-ആലപ്പുഴ സെക്ഷനില്‍ മാത്രം കുമ്പളം, എരമല്ലൂര്‍ (എലിവേറ്റഡ് ഹൈവേ), കലവൂര്‍ എന്നിവിടങ്ങളില്‍ മൂന്ന് ടോള്‍ ബൂത്തുകള്‍ ഉണ്ടാകും.
’24 മീറ്റര്‍ വീതിയുള്ള എലിവേറ്റഡ് ഹൈവേയിലൂടെയുള്ള യാത്രയ്ക്ക് കുമ്പളം ടോള്‍ പ്ലാസയില്‍ ഈടാക്കുന്ന ഫീസിനു പുറമേ, യാത്രികര്‍ പ്രത്യേക ടോള്‍ നല്‍കണം. യാത്രക്കാര്‍ക്ക് വേണമെങ്കില്‍ സര്‍വീസ് റോഡും ഉപയോഗിക്കാം. വേഗതയേറിയ വാഹനങ്ങള്‍ ഓടിക്കുന്നതിന് വേണ്ടിയാണ് എലിവേറ്റഡ് ഹൈവേ ലക്ഷ്യമിടുന്നത്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്‍എച്ച് 66 വീതി കൂട്ടലിന്റെ ആകെയുള്ള 22 റീച്ചുകളില്‍, തലപ്പാടി-ചെങ്കള (39 കി.മീ), വെങ്ങളം-രാമനാട്ടുകര (28.4 കി.മീ), രാമനാട്ടുകര-വളാഞ്ചേരി (39.68 കി.മീ), വളാഞ്ചേരി-കാപ്പിരിക്കാട് (37.35 കി.മീ) എന്നിവയുടെ ജോലികള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ശേഷിക്കുന്ന റീച്ചുകളില്‍, അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ 65 ശതമാനം ജോലികളും ഇടപ്പള്ളി-മൂത്ത്-കുന്നം ഭാഗത്തിന്റെ വീതി കൂട്ടല്‍ ജോലികളുടെ 60 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്.