ന്യുഡല്‍ഹി : കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികളുടെ പ്രവാസ ലോകത്തേക്കുള്ള മടക്കയാത്രയുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കർ, വിദേശകാര്യ വകുപ്പു മന്ത്രി വി മുരളീധരൻ എന്നിവർക്ക് ഓവർസീസ് എൻ സി പി ദേശീയ അധ്യക്ഷൻ ബാബു ഫ്രാൻസീസ് നിവേദനം സമർപ്പിച്ചു.
ഇന്ത്യൻ നിർമ്മിത കോവാക്സിനും ഇന്ത്യയിൽ വിതരണം ചെയ്യുന്ന മറ്റു കോവിഡ് വാക്സിനുകൾക്കും
ലോകാരോഗ്യ സംഘടനയുടേയും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ മറ്റു രാജ്യങ്ങളുടേയും അംഗീകാരം ലഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കുക, വാക്സിനേഷൻ ഉൾപ്പെടെയുള്ള നിബന്ധനകൾക്ക് വിധേയമായി പ്രവേശന അനുമതി നൽകിയിട്ടുള്ള രാജ്യങ്ങളിലേക്ക് മടങ്ങാൻ സാധിക്കാതെ നാട്ടിൽ തങ്ങുന്ന പ്രവാസികൾക്കും വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്കും യാത്രാ നിബന്ധനകളിൽ ഇളവ് ലഭിക്കാൻ നയതന്ത്ര ചർച്ചകൾ നടത്തുക, വാക്സിനേഷൻ സ്വീകരിച്ച പ്രവാസികൾക്ക് യാത്രാനുമതി ലഭിച്ച രാജ്യങ്ങളിലേക്ക് പ്രത്യേക വിമാന സർവ്വീസുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുക, കോവിഡ് വാക്സിൻ സ്വീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മടങ്ങുന്നവരുടെ വിമാനയാത്രാ നിരക്കിലുള്ള വർദ്ധന നിയന്ത്രിക്കാനാവശ്യമായ ഇടപെടലുകൾ നടത്തുക, കോവിഡ് വാക്സിൻ സ്വീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മടങ്ങുന്നവർക്ക് ആവശ്യമായ റാപ്പിഡ് പി സി ആർ പരിശോധന കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനുള്ള സൗകര്യം എല്ലാ വിമാന താവളങ്ങളിലും ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം.
കോവിഡ്- 19 വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയും വിദേശ രാജ്യങ്ങളും ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ മൂലം റസിഡന്റ് വിസ കാലാവധി അവസാനിച്ചും വരുമാനമില്ലാതെയും കഴിയുന്ന പ്രവാസികളിൽ ഭൂരിഭാഗവും വിദേശത്തുള്ള തൊഴിൽ നഷ്ടപ്പെടലിന്റേയും ഭീതിയിലാണ്. കേന്ദ്ര – സംസ്ഥാന സർക്കാരിലും പ്രാദേശിക തലത്തിലും പല പദ്ധതികളിലും കൈത്താങ്ങായി പ്രവർത്തിച്ചിരുന്ന പ്രവാസികളേയും അവരുടെ കുടുംബങ്ങളേയും സഹായിക്കാനായി നിവേദനത്തിലെ വിഷയങ്ങളിൽ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഓവർസീസ് എൻ സി പി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു.