ദെഹ്റാദൂൺ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഉത്തരാഖണ്ഡിൽ വമ്പൻ വാഗ്ദാനങ്ങളുമായി എ.എ.പി.ആറു മാസത്തിനുള്ളിൽ ഒരുലക്ഷം തൊഴിലവസരങ്ങൾ, പ്രതിമാസം അയ്യായിരം രൂപ അലവൻസ്, ജോലികൾക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് എ.എ.പി. നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവെച്ചത്. ഉത്തരാഖണ്ഡിലെ ഹാൽദ്വാനിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലില്ലായ്മമൂലം ഉത്തരാഖണ്ഡിലെ യുവാക്കൾ കുടിയേറ്റത്തിന് നിർബന്ധിതരാവുകയാണ്. ഉത്തരാഖണ്ഡിലെ യുവാക്കൾക്ക് സംസ്ഥാനത്തുതന്നെ ജോലി ലഭിക്കണം – കെജ്രിവാൾ പറഞ്ഞു.ശുദ്ധമായ ലക്ഷ്യങ്ങളുള്ള സർക്കാർ വന്നാൽ ഇതെല്ലാം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഉത്തരാഖണ്ഡിൽ ഇത് മൂന്നാംവട്ടമാണ് കെജ്രിവാൾ സന്ദർശനം നടത്തുന്നത്. ഹാൽദ്വാനിയിൽ നടക്കുന്ന തിരംഗയാത്രയിലും കെജ്രിവാൾ പങ്കെടുക്കും.