ഇടുക്കി : തൊടുപുഴയില്‍ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ബിസിനസ് പങ്കാളിയെ കൊലപ്പടുത്തിയ കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജോമോന്‍ ജോസഫിന്റെ ബന്ധുവായ ഭരണങ്ങാനം സ്വദേശി എബിന്‍ തോമസ് (35) ആണ് പിടിയിലായത്. തൊടുപുഴ ബിജു ജോസഫ് കൊലപാതകത്തില്‍ ഇതോടെ അഞ്ചാമതൊരാള്‍ കൂടി അറസ്റ്റിലായിരിക്കുകയാണ്. കൊലപാതക വിവരങ്ങള്‍ ഒന്നാംപ്രതി ജോമോന്റെ ബന്ധുകൂടിയായ എബിന് നേരത്തേ തന്നെ അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ജോമോന് സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്.
കൊല്ലപ്പെട്ട ചുങ്കം സ്വദേശി ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള വിവരങ്ങള്‍ എബിന് അറിയാമായിരുന്നു. ബിജു മരണപ്പെട്ടെന്നും മൃതദേഹം കുഴിച്ചിട്ടെന്നും അറിയാമായിരുന്നു. എന്നാല്‍ കുഴിച്ചിട്ട സ്ഥലം അറിയില്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ജോമോന്‍ എബിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം പുതിയ ഫോണ്‍ വാങ്ങാന്‍ 25,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്തതും ഇയാളാണ്. ജോമോനുമായി എബിന് ബിസിനസ് പങ്കാളിത്തം ഒന്നുമില്ലെങ്കിലും കാറ്ററിങ് സര്‍വീസില്‍ സഹായിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. എബിന്‍ തോമസിനെ പോലീസ് കോടതിയില്‍ ഹാജരാക്കി.