അടൂർ : ചൂരക്കോട് ശ്രീനാരായണപുരം 31-ാംനമ്പർ അങ്കണവാടിയിലെ കുട്ടികൾക്കുവേണ്ടി സൂക്ഷിച്ചിരുന്ന മുട്ടയും സ്ഥാപനത്തിലെ മൊബൈൽ ഫോണും മോഷ്ടിച്ച കേസിൽ ഒരാളെകൂടി അടൂർ പോലീസ് അറസ്റ്റു ചെയ്തു. കൊല്ലം പട്ടാഴി സുഭാഷ് ഭവനിൽ പ്രകാശ് (59)-നെയാണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്. നേരത്തേ കേസിലെ മറ്റൊരു പ്രതി കൊല്ലം സ്വദേശി ജയകുമാറിനെ പോലീസ് പിടികൂടിയിരുന്നു. മാർച്ച് 18-നാണ് അങ്കണവാടിയിൽ മോഷണം നടന്നത്. അങ്കണവാടിയിൽ കയറിയ പ്രകാശും ജയകുമാറും കുട്ടികൾക്കുവേണ്ടി വെച്ചിരുന്ന ഏഴുമുട്ടയിൽ അഞ്ചെണ്ണം പൊട്ടിച്ച് കുടിച്ചു.
രണ്ടെണ്ണം മതിലിൽ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. കൂടാതെ അലമാരയിൽ ഇരുന്ന ഫയലുകളും പേപ്പറുകളും മുഴുവൻ നിലത്ത് വാരിവലിച്ചിട്ടു. അങ്കണവാടിയിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോണും ഇവർ കൊണ്ടുപോയിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. അടൂർ എസ്എച്ച്ഒ ശ്യാംമുരളിയുടെ നേതൃത്വത്തിൽ എസ്ഐമാരായ അനൂപ്, സുനിൽ, സിപിഒ ഇജാസ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രകാശിനെ ജാമ്യത്തിൽവിട്ടു.