കൊട്ടിയം: കണ്ണനല്ലൂർ വെളിച്ചിക്കാലയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടാംപ്രതി വെളിച്ചിക്കാല മലേവയൽ ചരുവിള വീട്ടിൽ ഷെഫീക്കിനെയാണ് (35) പിടികൂടിയത് . മലപ്പുറത്ത് ഒളിവിലായിരുന്ന ഇയാൾ ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് പോകാനായി വരുമ്പോൾ കൈതക്കുഴി ഭാഗത്ത് വെച്ചാണ് കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മൂന്ന് പ്രതികൾ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന ഇവരെ പോലീസ് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്.
വെളിച്ചിക്കാല വാറുവിള വീട്ടിൽ സദാം (33), വെളിച്ചിക്കാല സബീല മൻസിലിൽ അൻസാരി (34), വെളിച്ചിക്കാല നൂർജി നിവാസിൽ നൂറുദ്ദീൻ (42) എന്നിവരെയാണ് നേരത്തെ പിടികൂടിയത്. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ചാത്തന്റഴികത്ത് വീട്ടിൽ നവാസിനെ (35)യാണ് കഴിഞ്ഞമാസം 27ന് രാത്രിയിൽ സംഘം കുത്തിക്കൊന്നത്. രാത്രി 9.45ന് വെളിച്ചിക്കാല ജങ്ഷനിലായിരുന്നു അക്രമം നടത്തിയത്. എട്ടുപേരോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. നവാസിന്റെ ബന്ധുവായ നബീലിനെയും സുഹൃത്ത് അനസിനെയും പ്രതികൾ മർദിച്ച വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ബൈക്കിലെത്തിയതായിരുന്നു നവാസ്. ഒന്നാംപ്രതി സദാം കത്തികൊണ്ട് നവാസിന്റെ വയറ്റിൽകുത്താൻ ശ്രമിച്ചു. ഒഴിഞ്ഞുമാറുന്നതിനിടെ കഴുത്തിനു പിന്നിൽ കുത്തേൽക്കുകയായിരുന്നു. തുടർന്ന് സമീപത്തെ സ്വകാര്യമെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.