തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുകയാണെങ്കില്‍ ചെലവ് കുറയുമെന്നത് അബദ്ധധാരണയാണെന്ന് മുന്‍ധനകാര്യമന്ത്രിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് വേണ്ടിയാണ്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുകയാണെങ്കില്‍ അധികം വോട്ടിംഗ് യന്ത്രങ്ങള്‍ വാങ്ങേണ്ടി വരും. 6000 കോടി രൂപയെങ്കിലും ഈ ഇനത്തില്‍ അധികച്ചെലവ് ഉണ്ടാവുമെന്നും തോമസ് ഐസക്ക് പറഞ്ഞു.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിനോടൊപ്പം തദ്ദേശഭരണ തെരഞ്ഞെടുപ്പു കൂടി നടത്താന്‍ തീരുമാനിച്ചാല്‍ അത്രയും കൂടുതല്‍ വോട്ടിംഗ് യന്ത്രങ്ങളും ചെലവുകളും കൂടുതലായി വേണ്ടി വരും. തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിന്റെ ഫലമായി തെരഞ്ഞെടുപ്പു ചെലവ് ചുരുക്കാമെന്ന വാദം ശുദ്ധ ഭോഷ്‌കാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. തെരഞ്ഞെടുപ്പു ചെലവിന്റെ മൊത്തം തുക കാണിച്ച് മനുഷ്യരെ വിരട്ടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.