കൊല്ലം: ഹൈക്കോടതി അഭിഭാഷകൻ പി.ജി മനുവിൻ്റെ ആത്മഹത്യയിൽ ഒരാൾ കസ്റ്റഡിയിൽ. പി.ജി മനുവിനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ ഭർത്താവിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ നിരന്തര സമ്മർദങ്ങളിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് ആരോപണം. ഇയാളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത്. സമാനമായ മറ്റൊരു ആരോപണത്തില്‍ മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. എറണാകുളം പിറവത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കൊല്ലം വെസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ 13 ആം തിയതിയാണ് ഗവ. മുൻ പ്ലീഡർ പി.ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലത്തെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു. സർക്കാർ അഭിഭാഷകനായിരുന്ന പി.ജി മനു നിയമസഹായം തേടിയെത്തിയ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്ന് പരാതി ഉയർന്നിരുന്നു. 2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി. ജി മനുവിനെ സമീപിച്ചത്. കേസിൽ മുൻകൂർ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസിൽ ജാമ്യത്തിലായിരുന്നു മനു.