കോഴിക്കോട്: വടകര വിലങ്ങാട് മഞ്ഞക്കുന്ന് ഭാഗത്തുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ ഒരാളെ കാണാതായി. 63കാരനായ മാത്യു എന്നയാളെയാണ് കാണാതായത്. രക്ഷാപ്രവർത്തനത്തിനെത്തിയ ഇദ്ദേഹം, ഉരുൾപൊട്ടലിൽ പെടുകയായിരുന്നു. ഇദ്ദേഹത്തിനായി എൻ.ഡി.ആർ.എഫിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ തിരച്ചിൽ നടത്തി. രാത്രി കാലാവസ്ഥ പ്രതികൂലമായതോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രാവിലെ വീണ്ടും തുടരും.
ഞായറാഴ്ച പുലർച്ചെ 12 മണിയോടെയാണ് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായത്. പാറക്കല്ലുകൾ ഉരുണ്ടുവരുന്ന ശബ്ദം കേട്ട പ്രദേശത്തെ 13 കുടുംബങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇവർ വീടുകളിൽ നിന്ന് ഇറങ്ങിയ ഉടനെ പാറക്കല്ലുകളും മണ്ണുമായെത്തിയ മലവെള്ളത്തിൽ 13 വീടുകളും കടകളും പൂർണമായും ഒലിച്ചുപോയി. വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തകനായി എത്തിയതായിരുന്നു മാത്യു. അവിടെയുണ്ടായിരുന്ന കടയുടെ വരാന്തയിൽ നിൽക്കുകയായിരുന്ന അദ്ദേഹം ഇരുൾപൊട്ടലിൽ പെടുകയായിരുന്നു. അദ്ദേഹം നിന്ന കടയും അപ്പാടെ ഒലിച്ചുപോയി.