വെച്ചൂച്ചിറ : വെച്ചൂച്ചിറയെ ലഹരിമുക്തഗ്രാമം ആക്കാൻ ഒരുവർഷത്തെ പ്രവർത്തന രൂപരേഖ തയ്യാറാക്കി. പഞ്ചായത്തിൽ രൂപവത്കരിച്ച ജനകീയ ലഹരിവിമുക്ത സഭയാണ് രൂപരേഖ തയ്യാറാക്കിയത്. വൈഎംസിഎ, ഗ്രാമപ്പഞ്ചായത്ത്, പോലീസ്, എക്‌സൈസ്, ആരോഗ്യവകുപ്പ്, സമുദായിക,സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഒരുവർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഓരോ വാർഡിലും അഞ്ചുമുതൽ ഏഴുവരെ അംഗങ്ങളുള്ള മോണിട്ടറിങ് കമ്മിറ്റി രൂപവത്കരിക്കും. 50 വീടുകളെ വീതം ഉൾപ്പെടുത്തി സായാഹ്നസദസ്സുകൾ സംഘടിപ്പിക്കും. ഇത്തരത്തിൽ 15 വാർഡിലായി 60 സദസ്സുകളാണ് നടത്തുന്നത്. ജൂലായിൽ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റികളുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ലഹരിവിരുദ്ധ സഭകൾ ചേരും. അവലോകന സമിതിയും രൂപവത്കരിക്കും.
എല്ലാ വീടുകളിലും സ്ഥാപനങ്ങൾക്ക് സമീപവും ലഹരിക്കെതിരേയുള്ള ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കും. ലഹരി ഉപയോഗിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിക്കാനും ലഹരി വിൽപ്പന നടത്തുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാനും ശ്രമം നടത്തും. ബോധവത്കരണ ക്ലാസുകളെടുക്കുന്നതിന് പ്രത്യേകസംഘത്തെ നിയോഗിക്കും. ഇവയെല്ലാം നടപ്പാക്കാൻ എല്ലാ സംഘടനകളുടെയും സഹായം തേടാനും യോഗം തീരുമാനിച്ചു.
പ്രവർത്തനരേഖ ജില്ലാപഞ്ചായത്ത് മുൻ അംഗം ടി.കെ. സാജു അവതരിപ്പിച്ചു. ഫാ. ജേക്കബ് പാണ്ടിയാംപറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജെയിംസ്, റവ. സജു ചാക്കോ, റവ. സോജി വർഗീസ്, അബ്ദുൾ സലാം മൗലവി, നവോദയ വിദ്യാലയം അധ്യാപിക ടി.എസ്. ഗീതാകുമാരി, വി.ആർ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ, എസ്‌സിപിഒ അർജുൻ ഗോപിനാഥ് എന്നിവർ ക്ലാസെടുത്തു. സി.വി. ഐസക് വെച്ചൂച്ചിറ, ഷാജി ജോൺ വെട്ടിത്താനം എന്നിവരെ പദ്ധതി നടത്തിപ്പിന് മേഖലാ പ്രേരക്മാരായി തിരഞ്ഞെടുത്തു.