പത്തനംതിട്ട : ജില്ലാ ഭരണകൂടം അക്ഷയ കേന്ദ്രങ്ങളുടെ പങ്കാളിത്തത്തോടെ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തിയ റാന്നി താലൂക്ക്തല അദാലത്തില്‍ 39 പരാതികള്‍ പരിഹരിച്ചു. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ നിന്നും ഓണ്‍ലൈന്‍ ആയി നടത്തിയ അദാലത്തില്‍ റാന്നി താലൂക്കിലെ 13 അക്ഷയകേന്ദ്രങ്ങളില്‍ മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്തവര്‍ ഹാജരായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു.
അദാലത്തിന്റെ പരിഗണനയ്ക്കായി ലഭ്യമായതില്‍ ഭൂരിഭാഗം പരാതികളും വസ്തു സംബന്ധമായ പട്ടയം, പോക്കുവരവ് എന്നിവയായിരുന്നു. പരാതി പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണം ആവശ്യമുള്ളവ റിപ്പോര്‍ട്ടുകള്‍ക്കായി അയച്ചു. അയല്‍വാസികളുടെ വസ്തുവില്‍ നില്‍ക്കുന്ന മരങ്ങള്‍ വീടുകള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നതായ നിരവധി പരാതികള്‍ ലഭിച്ചു. ഇതിന്‍മേല്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. വിവിധ ക്ഷേമപെന്‍ഷനുകള്‍, വീടിനുള്ള ധസഹായം, ചികില്‍സാ സഹായം, റേഷന്‍ കാര്‍ഡ് തുടങ്ങിയ പരാതികളും അദാലത്തില്‍ പരിഗണിച്ചു. ബാങ്ക് വായ്പ തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ ശുപാര്‍ശയോടു കൂടി സര്‍ക്കാരിലേക്ക് അയച്ച് തീരുമാനം ലഭിക്കുന്നത് അനുസരിച്ച് നടപടി സ്വീകരിക്കും.
ളാഹ, മഞ്ഞത്തോട് ആദിവാസി മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് പഠനശാലയില്‍ വൈദ്യുതി ലഭ്യമാക്കണമെന്ന ആവശ്യവുമായി പൊതുപ്രവര്‍ത്തകന്‍ അദാലത്തിനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പിന് അടിയിന്തിര നടപടിക്ക് നിര്‍ദേശം നല്‍കി. റാന്നി -തുലാപ്പള്ളി, കൊല്ലമുള റൂട്ടില്‍ വനമേഖലയിലെ പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്ന അപേക്ഷയിന്‍മേല്‍ സാധ്യതാ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. തുലാപ്പള്ളിയില്‍ പ്രാഥമികാരോഗ്യ കേന്ദ്രം വേണമെന്ന അപേക്ഷയിന്‍മേല്‍ ഗ്രാമ പഞ്ചായത്ത് കമ്മിറ്റികൂടി തീരുമാനം അറിയിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
വടശേരിക്കരയിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപമുള്ള ബസ് സ്‌റ്റോപ്പ് 150 മീറ്റര്‍ അകലെയായതിനാല്‍ വയോജനങ്ങള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ ബസ് സ്റ്റോപ്പ് മാറ്റി നല്‍കണമെന്നുമുള്ള ആവശ്യം പരിഗണിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി, ഡിറ്റിഒ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. റാന്നി പഴവങ്ങാടി 49-ാം നമ്പര്‍ അംഗന്‍വാടിക്ക് സുരക്ഷിത ഭിത്തി ഇല്ലെന്നും അംഗന്‍വാടി ചോര്‍ന്ന് ഒലിക്കുന്ന അവസ്ഥയിലാണെന്നും, പഞ്ചായത്തിന്റെ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചിട്ടുള്ള കിണറിന് മൂടിയില്ലെന്നും ഇത് അപകടമുണ്ടാക്കുമെന്നും അറിയിച്ച് അംഗന്‍വാടി ടീച്ചര്‍ സമര്‍പ്പിച്ച പരാതിയിന്‍മേല്‍ നടപടികള്‍ക്കായി പഞ്ചായത്ത്, വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി.
അദാലത്തില്‍ എഡിഎം അലക്‌സ് പി തോമസ്, റാന്നി തഹസില്‍ദാര്‍ ജോണ്‍.പി.വര്‍ഗീസ്, എല്‍.ആര്‍.തഹസില്‍ദാര്‍ ഒ.കെ.ഷൈല, ഐ.ടി.മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, ജില്ലാ സപ്ലൈസ് ഓഫീസ് സീനിയര്‍ സൂപ്രണ്ട് വിനോദ് കുമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, അക്ഷയ സംരംഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.