കോട്ടയം : മുന്തിയിനം പശുക്കളെ കുറഞ്ഞവിലയ്ക്ക് വില്‍ക്കാനുണ്ടെന്ന് നവമാധ്യമങ്ങളില്‍ പരസ്യം നല്കി തട്ടിപ്പ്. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നിരവധി കര്‍ഷകര്‍ക്ക് പണം നഷ്ടമായി. എന്നാല്‍ നാണക്കേട് ഭയന്ന് ആരും പൊലീസില്‍ പരാതി നല്കാന് തയാറായിട്ടില്ല. മികച്ച ഇനം പശുക്കളെ കുറഞ്ഞ വിലയില്‍ വില്‍ക്കുന്നുവെന്നാണ് പരസ്യം. ആകര്‍ഷകമായ പശുക്കളുടെ ചിത്രവും ഒപ്പം ചേര്‍ത്തിട്ടുണ്ട്. രാജസ്ഥാന്, പഞ്ചാബ്, യു.പി എന്നിവിടങ്ങളില്‍ നിന്നുള്ള വലിയതോതില്‍ പാല് ലഭിക്കുന്ന പശുക്കളാണ് ഇവയെന്നാണ് ഇവരുടെ വാഗ്ദാനം.
ചിത്രം കണ്ടാണ് പലരും സംഘവുമായി ബന്ധപ്പെട്ടത്. സംസ്ഥാനത്ത് മികച്ചയിനം പശുക്കള്‍ക്ക് ഒരു ലക്ഷത്തിനടുത്താണ് വില. എന്നാല്‍ 15 മുതല്‍ 25 ലിറ്റര്‍ വരെ പാല് ലഭിക്കുന്ന പശുക്കളെ 35000 – 45000 രൂപ നിരക്കില്‍ വില്‍ക്കുന്നുവെന്ന ഇവര്‍ നല്കുന്ന പരസ്യങ്ങളില്‍ പറയുന്നത്. മികച്ച ആരോഗ്യമുള്ള നിരവധി പശുക്കളുടെ ചിത്രങ്ങളും ഫോണ്‍ നമ്ബറും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.ഗിര്‍, എച്ച്.എഫ്, എച്ച്.എഫ് ക്രോസ് തുടങ്ങിയ ഇനങ്ങളുടെ പരസ്യങ്ങളാണ് ഏറെയും വരിക. ഇതനുസരിച്ച് വിളിക്കുന്നവര്‍ക്ക് പശുവിന്റെ ചിത്രവും പാലിന്റെ അളവുമടക്കം പറഞ്ഞ് വിശ്വസിപ്പിക്കും.
പശുവിനെ നേരിട്ട് എത്തിച്ചുനല്കുമെന്നും ഇതിനുശേഷം പണം നല്കിയാല് മതിയെന്നും ഇവര്‍ അറിയിക്കും. രാജസ്ഥാന്, പഞ്ചാബ്, യു.പി എന്നിവയില്‍ എതെങ്കിലുമൊരുസംസ്ഥാനത്തിന്റെ പേരും ഇവിടെനിന്നാണ് പശുവിനെ എത്തിക്കുന്നതെന്നും വ്യക്തമാക്കും. ഒടുവില്‍ ഫോണില്‍ കച്ചവടം ഉറപ്പിച്ചശേഷം വാഹന കൂലി നേരത്തേ നല്‍കണമെന്ന് ആവശ്യപ്പെടും.
30,000 -40,000 രൂപവരെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ ആവശ്യപ്പെടും. പണം ഇട്ടുനല്കുന്നവരെ ഇവര്‍ തുടര്‍ന്നും വിളിക്കും. വിവിധ ചെക്ക് പോസ്റ്റില്‍ എത്തിയെന്നും അറിയിക്കും. എന്നാല്‍, പ്രതീക്ഷയോടെ കര്‍ഷകര്‍ കാത്തിരിക്കുമെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞാലും പശു തൊഴുത്തില്‍ എത്തില്ല. ഇതിനിടെ ചിലരില്‍നിന്ന് ചെക്ക് പോസ്റ്റില്‍ നല്‍കാനെന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ട സംഭവവുമുണ്ടായി.
പശുവിനെ ലഭിക്കാതിരുന്നതോടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചാലും പ്രതികരണമുണ്ടാകില്ല. ഇതോടെയാണ് തട്ടിപ്പായിരുന്നുവെന്നും കബളിപ്പിക്കപ്പെട്ടുവെന്നും കര്‍ഷകര്‍ക്ക് മനസ്സിലാകുക. ഒന്നിലധികം പശുക്കളെ വാങ്ങാനായി പതിനായിരത്തിലധികം രൂപ കൈമാറിയവരുമുണ്ട്. നേരത്തേ ഇത്തരം സംസ്ഥാനങ്ങളില്‍ നേരിട്ടുപോയി കന്നുകാലികളെ കൊണ്ടുവന്നവരുണ്ട്. ഇതാണ് ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ തലവെക്കാന്‍ പലരെയും പ്രേരിപ്പിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് പശുക്കളെ കൊണ്ടുവരാന്‍ വന്‍ ചെലവാണെന്ന് അനുഭവസ്ഥരായ കര്‍ഷകര്‍ പറയുന്നു. പരിപാലനവും ഏറെ ബുദ്ധിമുട്ടാണ്. കാലാവസ്ഥയുമായി ചേര്‍ന്നുപോകാന്‍ ചില ഇനങ്ങള്‍ക്ക് ബുദ്ധിമുട്ടുമുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.