മലയാലപ്പുഴ : ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്കു കാണുന്നതിന് പൊതുഇടങ്ങളില്‍ സമഗ്രശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ 141 ടിവികള്‍ സ്ഥാപിക്കുന്ന പദ്ധതിക്കു തുടക്കമായി. ജില്ലയിലെ 11 ബിആര്‍സികള്‍ക്ക് നല്‍കിയ 11 ലക്ഷം രൂപ വിനിയോഗിച്ചു വാങ്ങിയ 141 ടെലിവിഷനുകള്‍ മലയാലപ്പുഴ പഞ്ചായത്ത് ഹാളില്‍ വിതരണം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം വനം – വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വഹിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ കൂട്ടം ചേരാതിരിക്കുന്നതിനാണ് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്യൂട്ടോറിയല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. രോഗവ്യാപനം ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. കോവിഡ് രോഗവ്യാപനം ഉള്ളതിനാല്‍ ജാഗ്രത കുറയ്ക്കാന്‍ സമയമായിട്ടില്ല.
സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത്. അഞ്ചു ശതമാനത്തില്‍ താഴെയാണ് ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍. വിദ്യാഭ്യാസം, പട്ടികവര്‍ഗം, വനം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍, വിവിധ വിദ്യാര്‍ഥി-യുവജന സംഘടനകള്‍, അധ്യാപക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങി നിരവധി വിഭാഗങ്ങളാണ് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരുക്കാന്‍ മുന്നോട്ടു വരുന്നത്. സമഗ്രശിക്ഷാ കേരളത്തിനൊപ്പം മറ്റുള്ള സംഘടനകളുടെ സഹായവും ലഭ്യമായാല്‍ ജില്ലയില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മലയാലപ്പുഴ ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്റര്‍, മൈലപ്ര വലിയകുളം നെഹ്റു മെമ്മോറിയല്‍ വായനശാല, മൈലപ്ര ക്ലസ്റ്റര്‍ റിസോഴ്‌സ് സെന്റര്‍, ഓമല്ലൂര്‍ നവകേരള ഗ്രന്ഥശാല, ഓമല്ലൂര്‍ ഓട്ടിസം സെന്റര്‍, പത്തനംതിട്ട ബിആര്‍സി എന്നീ സ്ഥാപനങ്ങള്‍ക്ക് മന്ത്രി കെ. രാജു ടിവി കൈമാറി. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയലാല്‍, സമഗ്രശിക്ഷാ കേരളം സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ.ഹരികുമാര്‍, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രേണുകാഭായി, എഇഒ സന്തോഷ്‌കുമാര്‍, കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ സുദേവ് കുമാര്‍, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.വി. അനില്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്, പത്തനംതിട്ട ബിപിസി ഷൈലജ, ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എ. സിന്ധു തുടങ്ങിവര്‍ പങ്കെടുത്തു.