പത്തനംതിട്ട : പത്തനംതിട്ട നഗരസഭ രണ്ടാം വാർഡിലെ സംക്രാന്തി മുരുപ്പേൽ ഭാഗത്തുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ ഓണ്‍ ലൈന്‍ പഠനത്തിന് സൌകര്യമില്ലാതെ വിഷമിക്കുന്നത് മനസ്സിലാക്കി നഗരസഭയുടെ മുന്‍ ചെയര്‍മാനും ഡി.സി.സി വൈസ് പ്രസിഡണ്ടുമായ അഡ്വ. എ.സുരേഷ് കുമാർ സഹായവുമായെത്തി. രണ്ടു വിദ്യാര്‍ത്ഥികളും ഒരു വീട്ടില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് ഓൺ ലൈൻ പഠനത്തിനായി പുതിയ എല്‍.ഇ.ഡി ടി.വിയുമായാണ് സുരേഷ് കുമാര്‍ ഇന്ന് കുട്ടികളെ കാണാന്‍ എത്തിയത്.
ഇവരുടെ ബുദ്ധിമുട്ട് സിദ്ധനർ സർവീസ് സൊസൈറ്റി നേതാക്കളും സമീപവാസികളായ കോൺഗ്രസ് നേതാക്കളും കഴിഞ്ഞദിവസം സുരേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കയറിക്കിടക്കാന്‍ ഒരുനല്ല വീടോ എത്തിച്ചേരാന്‍ വഴിയോ ഇവര്‍ക്കില്ല. കഷ്ടിച്ച് ഒരടി വീതിയുള്ളതും രണ്ടുഭാഗത്തും മതിൽ കെട്ടിയതുമായ ഇടവഴിയിലൂടെയാണ് ഇവരുടെ വീട്ടിലേക്ക് വരേണ്ടത്. പഴയ ഷീറ്റും പലകകളും ഉപയോഗിച്ച് മറച്ചുകെട്ടിയ വീട്ടിൽ അച്ഛനും അമ്മയും ഒമ്പതാംക്ലാസിൽ പഠിക്കുന്ന രണ്ടു കുട്ടികളുമാണ് താമസിക്കുന്നത്. കഴിഞ്ഞ മാസമാണ് ഇവർക്ക് വൈദ്യുതി കണക്‌ഷൻ ലഭിച്ചത്. കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. ഇതിനിടയില്‍ ടി.വി വാങ്ങാന്‍ പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു ഈ കുടുംബം.
കോൺഗ്രസ് നേതാക്കളായ സി.കെ .അർജുനൻ, പി കെ ഇക്ബാൽ , ഷിജു അഞ്ചക്കാല , മോനച്ചൻ നാരകത്തിനാൽ, ബെന്നി തോമസ്, സിദ്ധനർ സർവീസ് സൊസൈറ്റി നേതാക്കളായ വി.കെ ബാലൻ , പി എ .നാരായണൻ , പി ആർ രാജേഷ് എന്നിവർ എ.സുരേഷ് കുമാറിനോടൊപ്പം ടി.വി നല്‍കാന്‍ എത്തിയിരുന്നു.