മലപ്പുറം : സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോയും നഗ്‌നതാ പ്രദര്‍ശനവും സ്ഥിരമാകുന്നു. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനക്ലാസുകളിലേക്കും വാട്സാപ് ഗ്രൂപ്പുകളിലേക്കും അശ്ലീല വീഡിയോ അയച്ച സംഭവങ്ങളില്‍ അന്വേഷണം എങ്ങും എത്തിയില്ല. അതേസമയം, അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നു പോലീസ് വ്യക്തമാക്കി. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചില കേസുകളില്‍ വെര്‍ച്വല്‍ നമ്പറുകളില്‍നിന്നാണ് സന്ദേശങ്ങള്‍ വന്നിട്ടുള്ളതെന്നും ഓണ്‍ലൈന്‍ ആപ്പുകളുടെ സേവനദാതാക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അധികൃതര്‍ പറഞ്ഞു.
കുറ്റിപ്പുറത്തും വേങ്ങരയിലും പരപ്പനങ്ങാടിയിലുമാണ് ഇത്തരത്തിലുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്നിടങ്ങളിലും പോലീസ് കേസെടുത്തിട്ടുണ്ട്. മാത്രമല്ല, പരാതി ലഭിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് കേസെടുക്കാന്‍ തയ്യാറായതെന്നും പറയുന്നു. കുറ്റിപ്പുറത്ത് ഓണ്‍ലൈന്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെ അശ്ലീല വീഡിയോയും സന്ദേശങ്ങളും വരികയായിരുന്നു. നഗ്നതാ പ്രദര്‍ശനവും ഉണ്ടായി.
വേങ്ങരയില്‍ കുട്ടികള്‍ ഉള്‍പ്പെട്ട വാട്സാപ് ഗ്രൂപ്പിലേക്കും പരപ്പനങ്ങാടിയില്‍ ഭിന്നശേഷി കുട്ടികളുടെ വാട്സാപ് പഠനഗ്രൂപ്പിലേക്കുമാണ് അശ്ലീല വീഡിയോ സന്ദേശങ്ങള്‍ വന്നത്. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പെട്ട കേസുകളായിട്ടും ഇതുവരെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനായിട്ടില്ല.