തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. ഓണ്‍ലൈന്‍ വഴിയുളള ഭക്ഷ്യവിതരണത്തിന്റെ സമയം സര്‍ക്കാര്‍ നീട്ടി. ഇനിമുതല്‍ രാത്രി എട്ടുമണി വരെ ഭക്ഷ്യവിതരണം നടത്താം. അഞ്ചുമണിവരെ മാത്രമാണ് ഓണ്‍ലൈന്‍ വഴിയുളള ഭക്ഷ്യവിതരണം അനുവദിച്ചിരുന്നുളളൂ.
ബേക്കറികള്‍ക്കും ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുളള ഭക്ഷ്യവിതരണത്തിന് മാത്രമായി എട്ടുമണിവരെ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും പ്രവര്‍ത്തിക്കാം. അതായത് പാഴ്‌സല്‍ നല്‍കുന്നതിന് മാത്രമായി കൂടുതല്‍ സമയം പ്രവര്‍ത്തിക്കാം എന്ന് സാരം. അല്ലാത്തപക്ഷം അഞ്ചുമണിക്ക് അടയ്ക്കണം. ഓണ്‍ലൈന്‍ വിതരണക്കാര്‍ ഒന്‍പതുമണിക്ക് മുമ്പ് സേവനം അവസാനിപ്പിക്കണമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ഭക്ഷ്യവസ്തുക്കള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉത്തരവ്. നേരത്തെ എല്ലാ വിതരണവും അഞ്ചുമണിക്ക് മുന്‍പായി അവസാനിപ്പിക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം