തിരുവനന്തപുരം : ബെവ്കോയുടെ മദ്യവില്‍പ്പനശാലകളില്‍ നിന്ന് മദ്യം വാങ്ങുന്നതിന് ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം ഒരുങ്ങുന്നു. കൊവിഡ് ലോക്ഡൗണ്‍ കാലത്ത് ഔട്ട് ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കും വലിയ ക്യൂവും വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനത്തിന് ബെവ്കോ തയ്യാറെടുക്കുന്നത്. ഔട്ട് ലെറ്റുകളിലെ തിരക്ക് കുറക്കാന്‍ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പരീക്ഷണം വിജയിച്ചാല്‍ ഓണക്കാലത്ത് പുതിയ സംവിധാനം നിലവില്‍ വരും.
ബെവ്കോ വെബ് സൈറ്റിൽ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി മദ്യം വാങ്ങാനാണ് സൗകര്യമൊരുക്കുന്നത്. വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിച്ചുണ്ടാകും, വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേയ്മെന്റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പേയ്മെന്റ് ആപ്പുകള്‍, കാര്‍ഡുകള്‍ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാം.
മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭിക്കും. ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്‌ക്കോ ഔട്ട്‌ലെറ്റിലും പ്രത്യേകം കൗണ്ടറുണ്ടാകും. പണമടച്ച രസീത് കൗണ്ടറില്‍ കാണിച്ചാല്‍ മദ്യം വാങ്ങാം. ബെവ്കോയുടെ വെബ്സൈററ് ഇതിനായി പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തടക്കമുള്ള 9 ഔട്ട് ലെറ്റുകളില്‍ ഇത് സംബന്ധിച്ച പരീക്ഷണം നടത്തും. ഇത് വിജയമായാല്‍ ഒരു മാസത്തിനുള്ളില്‍ മദ്യം വാങ്ങാന്‍ ഓൺലൈൻ പേയ്മെന്റ് സംവിധാനം നടപ്പിലാക്കും. മുന്‍കൂട്ടി പണമടച്ച് മദ്യം വാങ്ങാന്‍ ആളെത്തുമ്പോള്‍ വില്‍പ്പനശാലകളില്‍ മദ്യം തെരഞ്ഞെടുക്കാനുള്ള സമയവും വരിയുടെ നീളവും കുറയുമെന്നാണ് വിലയിരുത്തല്‍.