തിരുവനന്തപുരം : ശബരിമല വിഷയത്തിലെ സിപിഎം നിലപാട് ആത്മാര്‍ഥതയില്ലാത്തതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതി വിധി എല്ലാവരുമായി ചര്‍ച്ച ചെയ്‌തേ നടപ്പാക്കൂ എന്നു പറയുന്ന മുഖ്യമന്ത്രി കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെക്കുറിച്ചു മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
ശബരിമലയില്‍ വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതു തെരഞ്ഞെടുപ്പു വിഷയം ആക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ അന്നു യുഡിഎഫ് ചര്‍ച്ചയാക്കിയില്ല. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം അധികാരമേറ്റ പിണറായി സര്‍ക്കാര്‍ അതു പിന്‍വലിച്ച് പൂര്‍ണമായും വിരുദ്ധമായ പുതിയ സത്യവാങ്മൂലം നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി വിധി വന്നത്. ഈ സത്യവാങ്മൂലം പിണറായി സര്‍ക്കാര്‍ നല്‍കാതിരുന്നെങ്കില്‍ കോടതി വിധി മറിച്ചാകുമായിരുന്നു.
സര്‍ക്കാരിന്റെ സത്യവാങ്മൂലം നിലനില്‍ക്കെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ ഖേദപ്രകടനം ആത്മാര്‍ഥതയില്ലാത്തതാണ്. കടകംപള്ളിയെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിപ്പറയുകയും ചെയ്തു. വിശ്വാസങ്ങളെയും ആചാരങ്ങളെയും ജാതീയമെന്നു പറഞ്ഞു തള്ളാനാവില്ല. ഭരണഘടന അനുവദിക്കുന്ന അവകാശമാണതെന്നും അദ്ദേഹം പറഞ്ഞു.