തിരുവനന്തപുരം : ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി. പ്രാണവായുവിന് വേണ്ടിയുള്ള രോഗികളുടെ പിടച്ചിലിന് ഉടന്‍ പരിഹാരമുണ്ടാകണം. ഓക്സിജന്‍ കിട്ടാതെ ഒരു ഭാരതീയന്‍ പോലും മരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് ഉറപ്പു നല്‍കേണ്ട സമയം കഴിഞ്ഞെന്നും ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണം. ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിന പ്രതിസന്ധിയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. പ്രാണവായുവിന് വേണ്ടിയുള്ള രോഗികളുടെ പിടച്ചിലിന് ഉടന്‍ പരിഹാരമുണ്ടാകണം. ഓക്സിജന്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ ഭരണ സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഓക്സിജന്‍ ലഭിക്കാത്തതിനാല്‍ മാത്രം അനേകര്‍ നമ്മുടെ രാജ്യത്ത് മരിച്ച് വീഴുന്നു. ദിവസങ്ങളായി തുടരുന്ന ഈ സ്ഥിതി തടയാന്‍ ഇനിയും കൃത്യമായ നടപടികളെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ലായെന്നത് അതീവ ഗുരുതരമാണന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ഭൂരിഭാഗം സംസ്ഥാനങ്ങളും ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി നേരിടുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓക്സിജനുവേണ്ടിയുള്ള രോഗികളുടെയും അവരുടെ നിസ്സഹായരായ കുടുംബങ്ങളുടെയും ദുരനുഭവങ്ങള്‍ കരളലിയിപ്പിക്കുന്നു. ഈ ഗുരുതര അലംഭാവം കണ്ടുനില്‍ക്കാനാകാതെ ഒടുവില്‍ സുപ്രീംകോടതിയും ഹൈക്കോടതികളും ഇടപെട്ടിരുന്നു.
ഇന്ന് നേരിടുന്ന പ്രാണവായു പ്രതിസന്ധിക്ക് കാരണം രാജ്യത്ത് കടുത്ത ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിനാലാണ്. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ പ്രധാനമന്ത്രി സ്വീകരിക്കണം. ഒരു നിശ്ചിത സമയത്തിനുള്ളില്‍ നമുക്ക് ആവശ്യമായ ഓക്‌സിജന്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഉറപ്പുവരുത്തണം. ഓക്‌സിജന്‍ കിട്ടാതെ ഒരു ഭാരതീയന്‍ പോലും മരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി രാഷ്ട്രത്തിന് ഉറപ്പു നല്‍കേണ്ട സമയം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.